Tuesday, July 24, 2012

നീ

ഇന്നലെ ഒരു പുഷ്പം വിടര്‍ന്നു
എന്‍റെ പൂന്തോട്ടത്തിലെ അവസാനത്തെ
എന്നില്‍ ഒരുപാട് സൌരഭ്യം വിതറി
ഇതള്‍ കൊഴിഞ്ഞിന്നത് ഭൂമിയെ പുണര്‍ന്നു

എന്നെ തനിച്ചാക്കി കാലത്തിലഭയം തേടി നീ
ഞാനുമെന്‍ ആരാമവും ഇനിയാര്‍ക്കു വേണ്ടി
വെട്ടി ഞാനെല്ലാം നീ വിടര്‍ന്ന കൊമ്പ് വരെ
കത്തുന്ന തീയില്‍, അവസാനിക്കട്ടെ എനിക്കൊപ്പമെല്ലാം

Tuesday, July 03, 2012

നീ

നിന്‍റെ വരവിനു കാതോര്‍ക്കാനിനി എനിക്കാവില്ല

നിന്‍റെ പാദ സ്പന്ദനങ്ങള്‍ എന്നില്‍നിന്ന് അകന്നു

മെതിയടി  ശബ്ദം പോലെ അതലിഞ്ഞില്ലതെയായി

എന്‍റെ അവസാന നിശ്വാസവും നിന്നില്‍ ലയിച്ചു തീര്‍ന്നു.

Tuesday, November 02, 2010

അഹം

എന്‍റെ പേനയിലെ മഷി വീണ്ടും
പുസ്തകത്താളിനെ സ്നേഹിച്ചു തുടങ്ങി
എന്‍റെ അക്ഷരങ്ങളിലൂടെ എന്നെ
ഞാനിനിയും വരച്ചെടുക്കാന്‍ ശ്രമിക്കട്ടെ


ഇതുവരെ സംഭവിച്ചതെന്‍റെ മരണമായിരുന്നില്ല
ഞാന്‍ എന്നിലേക്കടങ്ങിയതായിരുന്നിരിക്കണം
എന്തിനെന്നെനിക്കറിയില്ല, എപ്പോഴെന്നും
ഇതും കാലത്തിന്‍റെ ആവശ്യകതയായിരുന്നിരിക്കാം


ഞാനുമാഗ്രഹിക്കുന്നു ഒരു തിരിച്ചു വരവ്
ഒരു പക്ഷേ ഇതെന്‍റെ തിരിച്ചു വരവായിരുന്നെങ്കില്‍
വെറുതെയാകില്ലിതെങ്കില്‍, എനിക്കെന്നെയെങ്കിലും
നഷ്ടപ്പെടാതിരിക്കുമായിരുന്നു

Tuesday, February 16, 2010

അനിവാര്യമായ മരണം

ദേവിയായ് കണ്ട് പൂജിച്ചിടാം നിന്നെ
അമ്മയായ് കണ്ടു ഞാന്‍ ആരാധിച്ചിടാം
മകളായ് കണ്ട് വാത്സല്യമേകിടാം
അനിയത്തിയായ് കണ്ട് ലാളിച്ചിടാം നിന്നെ...


നിന്നിലലിഞ്ഞില്ലാതെയായിടാന്‍
നിന്നെ പ്രണയത്തില്‍ മൂടിടാന്‍
നിന്നഭിലാഷങ്ങള്‍ നിറവേറ്റിടാന്‍
ഇനിയെനിക്കാവില്ലീ ജന്മമൊരിക്കിലും


എന്തിനെന്നെ നീ പ്രണയിച്ചിടുന്നു?
അമ്മയാണു നീ, മകളും..
ഭാര്യയാണു നീ, സഹോദരിയും..
പ്രണയം, നിനക്കിനിയതെന്തിനിയും....!


അറിയുന്നു നീയും ഞാനുമതിന്നെങ്കിലും
നിന്‍റെ മനസ്സിനെ മുറിവേല്പിക്കാതെ
നിന്‍റെ ഹൃദയത്തിനു പോറലേല്‍ക്കാതെ
നമ്മുടെ പ്രണയത്തെ മരിക്കാന്‍ അനുവദിക്കാം.....

Friday, January 18, 2008

വെറുതെ..

നിന്‍റെ പാദ സ്പര്‍ശമേറ്റ മണ്ണിനെ ഞാനറിയുന്നു
കണ്ണുനീരില്‍ കുതിര്‍ന്ന മണ്ണില്‍ പതിഞ്ഞ കാല്‍പ്പാടുകളും
ഇന്നലെ നീ നടന്ന വഴികളിലൂടിന്നു ഞാന്‍ നടക്കുന്നു
വെറുതെയെങ്കിലും നീ എന്‍റെ മനസ്സില്‍ മരിക്കതിരിക്കാന്‍

Monday, August 20, 2007

കണ്ടാലറിയുമോ

എന്‍റെ പ്രണയത്തെ ചെപ്പിലടച്ചു ഞാന്‍
ചെപ്പൊരു കാട്ടുചോലയിലൊഴുക്കി വിട്ടു..
ചോലയെ മറന്ന ഞാന്‍ കാടിനേയും മറന്നു..
കാടിരുന്നൊരാ നാടിനേയും മറന്നു..


ചെപ്പിനറിയുമോ അലയുന്നതിന്നു ഞാന്‍
എന്‍റെ പ്രണയത്തെ തേടിയാണീ
കാടുകള്‍തോറും മേടുകള്‍തോറും
കാട്ടുചോലയിതെവിടെന്നറിയാതെ


നിങ്ങള്‍ കണ്ടുവോ എന്‍റെ പ്രണയത്തെ
അടച്ചൊരാ ചെപ്പിനെയോ, ചെപ്പൊഴുകുമാ
ചോലയെയോ, കണ്ടാലറിയുമോ..
ഞാന്‍ തേടുമെന്‍ ഹൃദയത്തിനെ.....

Thursday, June 14, 2007

രോദനം

ഇലകള്‍ കൊഴിഞ്ഞ മരക്കൊമ്പില്‍
ഇണക്കുരുവികള്‍ കൊക്കുരുമ്മി
കലപിലകൂട്ടാതെ, പരിഭവങ്ങളില്ലാതെ
കിന്നാരങ്ങള്‍ പറയാതെ, പൊട്ടിച്ചിരിക്കാതെ
രാവും പകലുമറിയാതെ
മഴയും വെയിലുമോര്‍ക്കാതെ
മഴവില്ലിനു വഴിമാറാതെ
ദിനങ്ങള്‍ കൊഴിഞ്ഞു വീണു
പ്രകൃതി ഒരു പ്രകമ്പനമായൊരു രാവില്‍
ക്രൂരമായൊരു ഹുങ്കാരവുമായ്
തകര്‍ത്തെറിയാന്‍ വെമ്പും മനസ്സുമായ്
വന്നൊരാ കാപാലികനെ
കണ്ടു വിറച്ചിരുന്നു വൃദ്ധനാം
തരുവിന്‍റെ കണ്ണുകള്‍ നിറഞ്ഞു
ഇടറിയ കാലുകള്‍, അടിതെറ്റി
പാവം ഭൂമിയെ സ്പര്‍ശിച്ചു
അഹങ്കാരമേതുമില്ലാതെ.
വഴിതെറ്റി പാവം കുരുവികള്‍
രണ്ടും പലവഴിക്കായി...
കേള്‍ക്കുന്നുവോ നീ ഒരു രോദനം
ഇണയെത്തേടും, ദീന രോദനം