Wednesday, September 27, 2006

പ്രണയം

വിരഹത്തിന് കഥകളില്‍ കേട്ട തീവ്രതയില്ല, പ്രണയത്തിന്‍റെ സ്വകാര്യത, ശാലീനത എല്ലാം എവിടെയോ നഷ്ടപ്പെട്ടിരിക്കുന്നു. ഇന്‍റെര്‍നെറ്റിന്‍റേയും sms-കളുടേയും ലോകത്തില്‍ വിരഹത്തിനെവിടെ സ്ഥാനം, എന്തു പ്രസക്തി അല്ലേ? അല്ല പ്രണയത്തിന്‍റെ അവസ്ഥയും അതുതന്നെയല്ലേ? 'Love In First Sight' ഇന്നത്തെ സമൂഹത്തിന് ഇതുപോലൊരു സ്നേഹത്തിനെപ്പറ്റി ചിന്തിക്കാനാവുമോ?
സ്നേഹം അര്‍ത്ഥശൂന്യമായിക്കൊണ്ടിരിക്കുന്നു. മലയാളി മലയാളം മറക്കുന്നു. അറിയാതെ തഴയുന്നു. വികാര വിസ്ഫോടനങ്ങളില്‍ അവന്‍ മറ്റു ഭാഷകളില്‍ അഭയം തേടുന്നു.
ആവശ്യങ്ങളറിഞ്ഞ് മനുഷ്യന്‍ സ്നേഹിക്കുന്നു, കാര്യസധ്യത്തിനായി അവന് പലരേയും വേണം, അതിനു വേണ്ടി അവന്‍ പുതിയ ചങ്ങാത്തങ്ങളുണ്ടാക്കുന്നു. ആവശ്യം കഴിയുമ്പോള്‍ കറിവേപ്പിലയേക്കാള്‍ വേഗത്തില്‍ വിസ്മൃതിയിലാവുന്നു. നേടാനുള്ളവ്യഗ്രതയില്‍ അവന്‍ പലതും നഷ്ടപ്പെടുത്തുന്നു. അറിഞ്ഞോ അറിയാതെയോ പലതും കണ്ടില്ലെന്നു നടിക്കുന്നു.
നമ്മുടെ ഉള്ളില്‍ സ്നേഹം നിറഞ്ഞു നില്‍പ്പുണ്ട്, എല്ലാവര്‍ക്കും എല്ലാത്തിനോടും സ്നേഹമുണ്ട്. എന്നാല്‍ അതിനോടുള്ള താല്പര്യത്തില്‍ അഥവാ അളവില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടായിരിക്കാം.നമ്മുടെ സ്വാര്‍ത്ഥതാല്പര്യങ്ങള്‍, അല്ലെങ്കില്‍ സാഹചര്യങ്ങള്‍ അഥവാ വിധിയെന്ന് അവസാനം നാം പഴിക്കുന്ന നിഴ്ചയങ്ങള്‍ നമ്മുടെ സ്നേഹത്തെ പലപ്പോഴും തോല്പിക്കുന്നു, അപ്പോള്‍ നാം ക്രൂരനും സ്വാര്‍ത്ഥനുമാകുന്നു, അന്ധനാകുന്നു. പിന്നെ സ്വയമറിയാതെ എന്തൊക്കെയോ ചെയ്യുന്നു. ആര്‍ക്കോവേണ്ടി. വികാരവിക്ഷോഭങ്ങള്‍ നിയന്ത്രണവിധേയമാകുമ്പോള്‍ ലജ്ജിക്കുന്നു, പശ്ചാത്തപിക്കുന്നു.
അവസരവാദികള്‍ അവസരത്തിനൊത്തുയരുമ്പോള്‍ അറിയാതെ കാലിടറിപ്പോകുന്നു, ആത്മബലം കൈവിടുന്നു. മരിക്കാത്ത ഓര്‍മ്മകളും മരവിക്കാത്ത മനസ്സും കൈമുതലാവട്ടെ.

മഴ

മഴപെയ്തുകൊണ്ടേയിരുന്നു.
നനഞ്ഞകാറ്റ് വാതില്‍ പഴുതിലൂടെ
അകത്തെ ഇരുട്ടിലേക്കെത്തി നോക്കി.
കൂട്ടായി, പ്രകമ്പനത്തോടെ ഒരുമിന്നലും.

മഴ തോരാതെ പെയ്തുകൊണ്ടിരുന്നു.
വിങ്ങകലടങ്ങാത്ത പ്രകൃതിയുടെ
പ്രതീകമായ്, അസഹനീയമാം
കാറ്റൊരു കുസൃതിച്ചിരിയോടെ
അകന്നു പോയി പുതിയ
മേച്ചില്‍ പുറങ്ങള്‍ തേടി.
പഴയ ഇരുളിനെ കൈവിട്ട്
പുതിയൊരു വെളിച്ചത്തിനായ്

അകലെ പ്രതീക്ഷയുടെ കിരണവുമായ്
സൂര്യ തേജസ്സുയര്‍ന്നു വന്നു.
പുതുകിനാവുകള്‍ നിശയുടെ
തീരത്ത് ഒറ്റപ്പെട്ടലഞ്ഞു നടന്നു

തോരാത്ത മഴയും തോര്‍ന്നു
പെയ്തൊഴിഞ്ഞ കാര്‍മേഘങ്ങളും
ഇടറിവീണ ജല കണങ്ങളും
മാനം വീണ്ടും വെളുത്തു.

കത്തിജ്ജ്വലിച്ച് വരുണനും
പ്രഭയില്‍ മുങ്ങിയ നിലാവും
ഉയരം കുറഞ്ഞ നിഴലുകളും
ഇരുട്ടിലലിയും വിലാപങ്ങളും.

നേര്‍ത്തപുകപോലെ മഞ്ഞിന്‍
കണങ്ങള്‍, നിഴ്ചലമായ പ്രകൃതി
ചലിച്ചുതുടങ്ങുമെല്ലാം....
ഇന്നല്ലെങ്കില്‍ നാളെ.

Tuesday, September 12, 2006

മരണത്തിന്‍റെ കാലൊച്ച.....

ഏകാന്തതയിലെവിടെയോ ഒരു
ചെറുതെന്നല്‍ വീശിയകന്നു..
രാവിന്‍റെ മാറില്‍ രാക്കിളിപാടി
ആരു മറിയാതെ ഞാനും തേങ്ങി..
വീണ്ടുമൊരു മഴക്കാലം
പിന്നെയൊരു ശിശിരവും
വസന്തവും പിന്നെ വേനലും.
കാലമിനിയും കറങ്ങിക്കൊണ്ടിരിക്കും
ചങ്ങലയിലെ കണ്ണികള്‍ കുറഞ്ഞതറിയാതെ..
സ്വപ്നങ്ങളില്ലതെ, നഷ്ടസ്വപ്നങ്ങളറിയാതെ
വേദനയിലും വേദാന്തങ്ങള്‍ പറയാന്‍
രാക്കിളിപ്പാട്ടുകള്‍ക്ക് കാതോര്‍ക്കാന്‍
ഇനിയൊരു വസന്തത്തിനായ് കാത്തിരിക്കന്‍
ഒരു പുലര്‍ക്കാലം വരുമോ?

Friday, September 01, 2006

...............

ഞാന്‍ സങ്കല്പങ്ങള്‍ക്കതീനനായിരുന്നില്ലൊരിക്കലും
നിറനിലാവിന്‍റെ പൂര്‍ണ്ണതയുമായിരുന്നില്ല
ഞാന്‍ നിനക്കായ് കരുതിയില്ലൊന്നുമൊരിക്കലും
ഒരു പുഞ്ചിരിക്കായ് അലഞ്ഞുമില്ല
ഞാന്‍ നിന്നില്‍ ഭ്രമിച്ചിരുന്നില്ലൊരിക്കലും
എന്‍റെ സ്വപ്നങ്ങളില്‍ നീയില്ലായിരുന്നു
ഞാന്‍ സ്നേഹത്തിന്‍റെ അര്‍ത്ഥ വ്യത്യാസങ്ങളിലൂടെ
നിന്നെ നയിക്കുമായിരുന്നു
പക്ഷെ.... പ്രണയം....., പ്രിയതോഴീ.........

നിന്‍ സജലനയനങ്ങളെ തഴുകിയുണക്കാന്‍..
ഒരു കുളിര്‍ക്കാറ്റായ് നിന്നരുകിലെത്താന്‍
നിന്‍ സങ്കല്‍പ്പങ്ങള്‍ക്ക് നിറങ്ങളേകാന്‍
ഞാന്‍ എങ്ങനെ...

ഓര്‍മയുടെ മുറിപ്പാടുകള്‍

എന്‍റെ സങ്കല്‍പ്പങ്ങളിലൊരിക്കലും
സിന്ദൂരമില്ലായിരുന്നു, ചന്ദന
പ്പൊട്ടിന്‍റെ അടര്‍ന്ന രൂപം മാത്രം
മായാത്ത വര്‍ണ്ണങ്ങളിലിന്നും
സന്ദ്യായാമങ്ങളില്‍ വിളക്കേന്തിയ
പുഞ്ചിരിയുടെ സൌന്ദര്യം മാത്രം
തോരാതെ പെയ്യുന്ന പേമാരിയിലും
ഇളം തെന്നലിന്‍റെ കൌശലത്തോടെ
മായാത്ത ശോഭയായ്..
മറക്കാത്ത വര്‍ണ്ണങ്ങളില്‍
ഇന്നലയുടെ രാവുകളില്‍
നാളെയുടെ സങ്കല്‍പ്പമായ്
ഓര്‍മ്മകളുടെ തീരങ്ങളില്‍
സുന്ദരശില്പമായ്
രാവിന്‍റെ യാമങ്ങളിലെവിടെയോ
ഒരു നഷ്ട സ്വപ്നമായ്
ഇന്നീ അന്ത്യത്തില്‍
ഒരു ചോദ്യചിഹ്നമായ്...
കാലത്തിന്‍ കുത്തൊഴുക്കില്‍
മാറ്റത്തിന്‍റേതായ് ഒന്നുമില്ലെങ്കിലും
അകത്തളത്തിലെവിടെയോ
സത്യത്തിന്‍റെ വെളിപ്പെടുത്തലിനായ്
പാദചലനങ്ങള്‍ക്കിടയിലെ
പാദസരകിലുക്കത്തിനായ്
യാമിനിയുടെ തീരങ്ങളിലിന്നും
കാതോര്‍ത്തിരിക്കുന്നു ഞാന്‍
ഒരു വേഴാമ്പലായ്..........