Thursday, October 05, 2006

സമാഗമം

അവര്‍ക്കിടയില്‍ കനത്ത നിശ്ശബ്ദധ തളം കെട്ടി. വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള ഈ കൂടിക്കാഴ്ച എന്തിനായിരുന്നെന്നവള്‍ വീണ്ടുമാലോചിച്ചു. അയാളെ കാണാന്‍ തനിക്കായിരുന്നല്ലോ തിടുക്കം. നിന്നെക്കാണാന്‍ ഞാനുമാശിച്ചിരുന്നെന്ന് അയാള്‍ പറഞ്ഞുമില്ല. പണ്ടും അയാള്‍ അങ്ങനെയായിരുന്നു എല്ലാം ഉള്ളിലൊതുക്കി...

"നിങ്ങളെന്നെ സ്നേഹിച്ചിരുന്നോ?" മറുപടി പ്രതീക്ഷിക്കാതെയെങ്കിലും ഉച്ചത്തിലുള്ള അവളുടെ ചോദ്യം നിശ്ശബ്ദധയെ നടുക്കി. അവളുടെ സ്വരം അയാളുടെ ചെവിയില്‍ ഒരു പ്രകമ്പനമായി. അതിനു മറുപടിയെന്നോണം അവരുടെ കാലുകളെ ചുംബിച്ച് ഒരു തിര തിരികെ പോയി.

'ഇതു ചോദിക്കാനാണോ താന്‍ ഇത്രയും ബദ്ധപ്പെട്ട് ഇതുവരെ വന്നത്?'

അയാളുടെ ചുണ്ടില്‍ ഒരു പുഞ്ചിരി തത്തിക്കളിച്ചു. മണലില്‍ നിന്ന് കല്ലുകള്‍ പെറുക്കി അയാള്‍ തിരയിലേക്കെറിഞ്ഞുകൊണ്ടിരുന്നു.

പുഴക്കടവില്‍ അയാളെയും പ്രതീക്ഷിച്ച് താനിരുന്നത് അവളോര്‍ത്തു. സ്കൂള്‍ വിട്ടുവരുന്ന അനിയനെ പ്രതീക്ഷിച്ചെന്ന മട്ടിലുള്ള ആ ഇരിപ്പ് തന്നെ കാണാനാണോ എന്നയാള്‍ ചോദിച്ചുമില്ല. അല്ല; ഒന്നു പുഞ്ചിരിക്കാനുള്ള ധൈര്യം പോലും അന്നയാള്‍ക്കുണ്ടായിരുന്നില്ലല്ലോ!


"നാളെ പുലര്‍ച്ചക്കുള്ള വണ്ടിക്ക് മദിരാശിക്ക് പോകും, പിന്നെ എന്നാ കാണാനവുകാന്ന്....." താനദ്യമായി അവളോട് പറഞ്ഞവാക്കുകള്‍, പോകരുതെന്നവള്‍ വിലക്കിയില്ല. വിലക്കിയാലും പോകാതിരിക്കാന്‍ അയാള്‍ക്ക് ആവില്ലെന്നവള്‍ക്ക് അറിയാമയിരുന്നോ? അവളുടെ കണ്ണുകളില്‍ നനവൂറിവരുന്നത് അയാളറിഞ്ഞു. പിഞ്ഞെ അവിടെ നില്‍ക്കാന്‍ അയാള്‍ക്കായില്ല. ഇടറുന്ന കാല്‍വയ്പുകളോടെ അയാള്‍ നടന്നകലുന്നത് കുതിര്‍ന്ന കണ്‍പീലികള്‍ക്കിടയിലൂടെ അവള്‍ കണ്ടു.

പടിഞ്ഞാറന്‍ ചക്രവാളത്തില്‍ സൂര്യന്‍റെ കിരണങ്ങള്‍ അലിഞ്ഞുതീരാറായി. അരണ്ട വെളിച്ചത്തില്‍ അവളുടെ സൌന്ദര്യം കുറേക്കൂടി വര്‍ദ്ധിച്ചതായി അയള്‍ക്ക് തോന്നി.

"നിങ്ങളുടെ ഭാര്യക്ക് എന്നെ അറിയാമോ?"

താന്‍ കല്യാണം കഴിച്ചിട്ടില്ലെന്നയാള്‍ പറഞ്ഞില്ല; പതര്‍ച്ചയില്ലാത്ത സ്വരത്തില്‍ "ഇല്ല" എന്നു മാത്രം അയാള്‍ പറഞ്ഞൊപ്പിച്ചു.

"നിങ്ങളെഞ്ഞെ ഓര്‍ക്കുന്നുണ്ടെങ്കിലല്ലേ, ഭാര്യയോട് എന്നെ പറ്റി പറഞ്ഞിട്ടുണ്ടാവൂ, അല്ലെ?"

'ഇവള്‍ക്കെങ്ങനെ ഇത്രയും ക്രൂരമായി സംസാരിക്കന്‍കഴിയുന്നു?'


പറയാനൊന്നുമില്ലാത്ത അവസ്ഥ, അതയാളെ വല്ലാതെ വേദനിപ്പിച്ചു. അവളുടെ മടിയില്‍ തലചായ്ച്ചുകിടക്കാന്‍ അയാള്‍ വല്ലാതെ കൊതിച്ചു.


"വൈകിയാല്‍ നിന്നെ അന്യേഷിക്കില്ലെ?"


"ജോലികഴിയുമ്പോള്‍ ചിലപ്പോഴൊക്കെ വൈകാറുണ്ട്." എങ്ങും തൊടാതെ അവള്‍ മറുപടി നല്കി. തീരം വിജനമായിക്കൊണ്ടിരുന്നു. കിളികളെല്ലാം കൂടണഞ്ഞു. കടലവിറ്റുകൊണ്ടിരുന്ന ചെറുപ്പക്കാരനും അപ്രത്യക്ഷമായി, തിരകള്‍ മാത്രം അവയുടെ നൃത്തം തുടര്‍ന്നു.

"നിങ്ങളെന്നു തിരിച്ചുപോകും"

നിന്‍റെ സീമന്ദരേഖയില്‍ സിന്ധൂരം കാണുന്നത് വരെ അതിനെ പറ്റിചിന്തിച്ചില്ലെന്നയാള്‍ പറഞ്ഞില്ല. തിരുച്ചുപോകണം ഇന്നല്ലെങ്കില്‍നാളെ.

"നീ കാണണമെന്ന് പറഞ്ഞത്?"

"എന്താ തീരെ ഇഷ്ടായില്ലേ?"

അത് പ്രതിക്ഷിച്ചു മാത്രം നടന്നിരുന്ന നാളുകള്‍ അതുമാത്രമാണ് ജീവിതമെന്ന് കണക്കു കൂട്ടിയിരുന്ന.. നഷ്ടസ്വപ്നങ്ങളുടെ കാളരാത്രികള്‍ എങ്ങനെ ഇവളോട് വിശദീകരിക്കും? അല്ല, അതിന്‍റെ ആവശ്യം. കഷ്ടപ്പാടുകളുടെ ദിനങ്ങള്‍, ഒരു തീരുമാനമെടുക്കാനാവാത്ത അവസ്ഥ. മറക്കാനാവുന്നത് തന്‍റെ മോഹങ്ങള്‍ മാത്ര മാണെന്നുള്ള തിരിച്ചറിവ്. എന്നിട്ട് തനിക്കതിനായോ? എന്നെ സ്നേഹിച്ചതിന് അവള്‍ക്ക് ലഭിച്ചത് ദുഃഖം മാത്രം.
അന്നയാള്‍ക്ക് താങ്ങായി അവളുടെ സ്നേഹം മാത്രം. എങ്കിലും തന്‍റെ തീരുമാനം തെറ്റായിപ്പോയെന്ന് ഒരിക്കലും അയാള്‍ക്ക് തോന്നിയില്ല.

'പുനഃസമാഗം ഒരുപാടാഗ്രഹിച്ചു. പക്ഷേ, ഇങ്ങനെ, ഇതായിരുന്നോ?'


"ഈ സന്ധ്യ അതവസാനിക്കാതിരുന്നെങ്കില്‍, അല്ലെ?" ആ പറഞ്ഞതില്‍ അവള്‍ക്ക് തന്നെ വിശ്വാസമില്ലാത്ത പോലെ.

അവര്‍ക്ക് ചുറ്റും ഇരുട്ടിന്‍റെ കാഠിന്യം വര്‍ദ്ധിച്ചുകൊണ്ടേയിരുന്നു.
പ്രിന്‍സി