Wednesday, February 07, 2007

തനിയാവര്‍ത്തനം.

തുടക്കം എങ്ങനെയായിരുന്നു?
ഞെട്ടിയുണര്‍ത്തിയ ദുഃസ്വപ്നമോ,
ഉറക്കമില്ലാത്ത രാത്രികളോ?
ആവശ്യക്കാരന്‍റെ അനൌചിത്യമോ?

പേടിപ്പെടുത്തുന്ന മുഖങ്ങളില്‍,
പുഞ്ചിരിയോ പരിഹാസ്യമോ;
സഹതപിക്കും പരാഗങ്ങള്‍
പുതുജീവന്‍റെ സൃഷ്ടിയായി.

തലക്കു മുകളില്‍ കഴുകന്‍മാര്‍
അന്ത്യശ്വാസത്തിനായ് ജപിക്കുന്നു.
ദേഹമുപേക്ഷിക്കാന്‍ ആത്മാവിനായില്ല;
ജീവിക്കാന്‍ ശരീരത്തിനും

കാലത്തിനാവശ്യം ശൂന്യതയായിരുന്നു.
പ്രത്യയ് ശാസ്ത്രങ്ങള്‍ക്ക് പകരം വെക്കാന്‍
ഭ്രാന്തനെന്ന് മുദ്രകുത്താന്‍, പിന്നെ
കല്ലെറിയാന്‍, ചോരവീണ് മണ്ണ് ചുവക്കും വരെ

തലമുറകള്‍ തന്നത് വൈര്യമായിരുന്നു,,
ജാതിയും മതവും ദേശവും പിന്നെ വിശ്വാസങ്ങളും
അതിര്‍വരമ്പുകളില്ലാത്ത പ്രണയവും;
കുത്തൊഴുക്കില്‍ പെട്ടകന്നുപോയി.

ഒരു പിടിചോറും ഒരായിരം വാക്യങ്ങളും
ഒരിറ്റുകണ്ണീരും ഒരു ജന്‍മസാഫല്യവും.
ഒരു നേര്‍ത്ത നിഴലായ് അസ്തമയ സൂര്യനു പിറകില്‍
ജപത്തില്‍ മുഴുകിയ കഴുകനറിയാതെ.....