Sunday, April 22, 2007

ഇര (ഒന്നുമറിയാതെ വധിക്കപ്പെടുന്നവന്‍)

ചോരയായിരുന്നു തെറിച്ചു വീണത്
ചങ്കു പിളര്‍ന്ന ചോര
എന്തിനായിരുന്നു കൊലപാതകം
അറിയില്ല, മരിച്ചവനും കൊന്നവനും

കൊന്നു കൊതി തീരാത്ത വാളിനും
വേദന അറിഞ്ഞില്ല; നടുക്കം തീരും മുമ്പേ
ഒഴുകിയ ചോരക്ക് ഒരേനിറമായിരുന്നു
കുടിച്ചു വീര്‍ത്ത മണ്ണിന്‍റെ അതേ നിറം

കൊന്നവന് ഒന്നും നഷ്ടപ്പെട്ടില്ല
സ്വന്തം മനസ്സാക്ഷിപോലും
മരിച്ചവനും നഷ്ടം തുല്യമായിരുന്നു
എന്തിനീ വിധിയെന്ന് അവനറിഞ്ഞില്ലെങ്കിലും

ആരാണ് നേടിയത്, മരിച്ചവനോ കൊന്നവനോ?
അതോ, ഇനി ഒരു മൂന്നാമനോ?
ഒഴുകിയ രക്തം കട്ടപിടിക്കും മുന്‍പേ
അവര്‍ നടന്നു, അടുത്ത ഇര തേടി....

മതവും ദൈവവും

എന്‍റെ മതം നിന്‍റെ മതം
ഞങ്ങളുടെ മതം,നിങ്ങളുടെ മതം
എന്‍റെ ശരി നിന്‍റെ തെറ്റ്
എന്‍റെ വിശ്വാസം നിന്‍റെ വിശ്വാസം


ഏതാണ് ശരി നീയോ ഞാനോ..
കൈവിട്ട് പോയിരുന്നു
ദൈവം കണ്ണിറുക്കി അടച്ചു
അവസാന അസ്ത്രവും പിഴച്ച്

നമ്മുടെ മതം; ചുണ്ടുകള്‍ വിറച്ചു
എന്‍റെ മതം നീയും നിന്‍റെ മതം ഞാനും
നമ്മുടെ മതം സ്നേഹവുമെങ്കില്‍
ഈ ഭൂമിയല്ലേ സ്വര്‍ഗ്ഗം..
അലറി വിളിക്കാനായില്ല
വിതുമ്പുകയായിരുന്നു ദൈവവും

ചുറ്റിലും പതിക്കുന്ന കല്ലുകള്‍ക്കപ്പുറം
ഭ്രാന്തനെന്ന ഹുങ്കാരവും ദൈവം കേട്ടില്ല
ഭൂമിയെ സ്വര്‍ഗ്ഗമാക്കാന്‍ വന്നിരിക്കുന്നു
ഇവനു ഭ്രാന്തല്ലാതെ മറ്റെന്ത്

ആരു നീ

വേനലിലാണ് ആ പൂ വിരിഞ്ഞത്
ആരും നടാതെ, നനക്കാതെ
ചുറ്റിലും വളരുന്ന പുല്ലുപോലും ആരും പറിച്ചില്ല
തണലിനുവേണ്ടി, കൈകള്‍ പോലും മറച്ചില്ല, സൂര്യനെ..

എങ്കിലും വിരിഞ്ഞു, വേനലില്‍ തന്നെ.
കത്തിച്ചു കൊല്ലാന്‍ സൂര്യനും ശ്രമിച്ചു
തന്നാലാവും വിധം, മഴയും ഒഴിഞ്ഞു നിന്നു
വാടിയെങ്കിലും കരിഞ്ഞില്ല, കൊഴിഞ്ഞുമില്ല

ഇന്നലെയാണതിനെ ഞാന്‍ കണ്ടത്
കളകള്‍ക്കിടയില്‍ ഒരു നറു പുഞ്ചിരിയുമായ്
കുപ്പത്തൊട്ടിയിലും മാണിക്യം തിളങ്ങുമത്രേ
തേജസ്സില്ലായിരുന്നു, എങ്കിലും ചിരിക്കാന്‍ മറന്നില്ല

കരയുന്നു മുണ്ടായിരുന്നില്ല, തന്‍റെ വിധിയോര്‍ത്ത്
എങ്കിലും വിഷാദമായിരുന്നു മുഖത്ത്
പരിഭവവും പരാതിയുമില്ലെങ്കിലും
ചിരിക്കുന്ന മുഖവും കരയുന്ന കണ്ണുകളും, ആരു നീ?