തണല്‍മരത്തിന് കീഴെ ഒരിത്തിരിനേരം
ദൂരമിനിയും താണ്ടാനുണ്ടൊരുപാട്
കാറ്റും മഴയും ഇനിയും വരും
മിന്നലുമുണ്ടാകാം ഇടിയുടെ അകമ്പടിയോടെ
പൊട്ടിത്തകരും പലതും
വിളക്കിച്ചേര്‍ക്കാനാവാതെ..
പിന്നെ പതുക്കെ ശാന്തമാകും,
പ്രകൃതി, വലരെ പതുക്കെ മനസ്സും
മറവിയില്‍ പലതും ഒഴുകിയകലും
ചിലതെങ്കിലും, നൊമ്പരമായരികെ...
ചാറ്റല്‍ മഴ വീണ്ടും വരുന്നു
കുളിരുമായി മാരുതനും.
മേഘങ്ങള്‍ നീങ്ങി മാനം വെളുക്കും
മനസ്സും കുളിര്‍ക്കും പച്ചപ്പ് കാണുമ്പോള്‍
വിളിച്ചുണര്‍ത്താന്‍ പൂവന്‍റെ കൂവലും
തഴുകിയുറക്കും പ്രാവിന്‍റെ കുറുകലും
കലപില കൂട്ടും കിളികളും
നാളെയെനിക്ക് സ്വന്തമാകും
പിന്നെ വീണ്ടും തനിച്ചാവാന്‍
ദൂരങ്ങള്‍ താണ്ടാന്‍, ദുഃഖങ്ങള്‍ മറക്കാന്‍
പുതിയവക്ക് കാതോര്‍ക്കാന്‍
ഈതണലും ഞാനുപേക്ഷിക്കും
വിധിയുടെ തേരില്‍ വീണ്ടുമൊരു യാത്ര
വീണ്ടുമൊരു യാത്രാമൊഴി
No comments:
Post a Comment