Sunday, April 22, 2007

ഇര (ഒന്നുമറിയാതെ വധിക്കപ്പെടുന്നവന്‍)

ചോരയായിരുന്നു തെറിച്ചു വീണത്
ചങ്കു പിളര്‍ന്ന ചോര
എന്തിനായിരുന്നു കൊലപാതകം
അറിയില്ല, മരിച്ചവനും കൊന്നവനും

കൊന്നു കൊതി തീരാത്ത വാളിനും
വേദന അറിഞ്ഞില്ല; നടുക്കം തീരും മുമ്പേ
ഒഴുകിയ ചോരക്ക് ഒരേനിറമായിരുന്നു
കുടിച്ചു വീര്‍ത്ത മണ്ണിന്‍റെ അതേ നിറം

കൊന്നവന് ഒന്നും നഷ്ടപ്പെട്ടില്ല
സ്വന്തം മനസ്സാക്ഷിപോലും
മരിച്ചവനും നഷ്ടം തുല്യമായിരുന്നു
എന്തിനീ വിധിയെന്ന് അവനറിഞ്ഞില്ലെങ്കിലും

ആരാണ് നേടിയത്, മരിച്ചവനോ കൊന്നവനോ?
അതോ, ഇനി ഒരു മൂന്നാമനോ?
ഒഴുകിയ രക്തം കട്ടപിടിക്കും മുന്‍പേ
അവര്‍ നടന്നു, അടുത്ത ഇര തേടി....

7 comments:

ഇളംതെന്നല്‍.... said...

വാളല്ലെന്‍ സമരായുധം എന്നു പറയാന്‍ ഇന്നിവിടെ ആരുമില്ല സുഹൃത്തെ....
വധിക്കുന്നവനും വധിക്കപ്പെടുന്നവനും ഇരകള്‍ തന്നെ....

ഇളംതെന്നല്‍.... said...
This comment has been removed by the author.
ഏറനാടന്‍ said...

വാളെടുത്തവന്‍ വാളാലെ..

Rasheed Chalil said...

ഒഴുകുന്ന ചോരച്ചാലുകള്‍ നോക്കി ആയുധം വൃത്തിയാക്കുമ്പോള്‍ ലാഭനഷ്ടങ്ങളെക്കുറിച്ച് ഒരു പക്ഷേ മനസ്സാക്ഷി ഓര്‍മ്മപ്പെടുത്താം... മനസാക്ഷി ഉള്ളവനാണെങ്കില്‍...

പ്രിന്‍സീ നല്ല വരികള്‍.

മഴത്തുള്ളി said...

പ്രിന്‍സി,

കൊന്നവന്‍ ഇനിയും ഇര തേടട്ടെ, പക്ഷേ അവനും ഒരുക്കല്‍ ആ വിധിതന്നെ വരും എന്നത് അവനറിയുന്നില്ല. നല്ല വരികള്‍, ആശംസകള്‍.

പാതിരാമഴ said...

ചോര മണക്കുന്നു വായിച്ചു കഴിഞ്ഞപ്പോള്‍, പൊതുവേ ഭയം ആണു ചോര കാണുന്നതു. പക്ഷേ ഈ കവിത വായിച്ചു കഴിഞ്ഞപ്പോള്‍ ചുറ്റും ചോര തളം കെട്ടി നില്‍ക്കുന്ന പ്രതീതി. നന്നായിരിക്കുന്നു പ്രിന്‍സി. അഭിനന്ദനങ്ങള്‍

നന്ദു said...

കവിത വായിക്കാന്‍ വൈകി.പ്രിന്‍സി നന്നായിരിക്കുന്നു. തുടരുക.