Sunday, November 26, 2006

2003 oct 13

2000 ത്തിലെ ഡയറിയില്‍ നിന്നും കിട്ടിയതാണ് പണ്ടെന്നോ മറവിയുടെ കയത്തിലേക്ക് വീണുപോയ ഈവരികള്‍ അതുകൊണ്ടു തന്നെ ഒരു പേരു നല്കാന്‍ പോലും മെനക്കെട്ടില്ല....

പൂക്കാത്ത വസന്തത്തിന്‍റെ ഓര്‍മയില്‍
വിരിയാത്ത പൂമൊട്ടുകളുമായി
നില്‍ക്കുന്നു എന്‍റെ മലര്‍വാടികള്‍
വീശുന്നു ഇളം തെന്നലിന്നും
സ്വാന്തനിപ്പിക്കാനെന്ന പോലെ
അരികിലത്തും വരുണന്‍റെ
ചുടു ചുംബനം പേറി വിഷണ്ണനായ്
സാന്ത്വനവേളയിലും കാണുന്നു ഞാന്‍
വിഷാദമൊളിപ്പിച്ച നിന്‍
ഹൃദയത്തിലെ മുറിപ്പാടുകള്‍
അലയുന്നതാരെത്തേടി നീ
ഇടവഴികളിലും പുല്‍മേടുകളിലും
കാതോര്‍ക്കുന്നതാര്‍ക്കു വേണ്ടി..

പുക മഞ്ഞ്

അണയാന്‍ വേണ്ടി വീണ്ടുമൊരു തീനാളം
ആര്‍ക്കും വേണ്ടാത്ത കുറേ ജന്മങ്ങളും
കണ്ണു നീരിന്‍റെ ഉപ്പുരസവും, പിന്നെ
നനുത്ത തേങ്ങലിന്‍റെ വിറയാര്‍ന്ന ഈണവും


അകലെയെവിടെയോ കാട്ടുതീ പടര്‍ന്നു
പുകച്ചുരുളുകള്‍ക്കിടയിലൊരു നേര്‍ത്ത
രോദനവും ആരുമറിയാതെ അലിഞ്ഞിറങ്ങി
ആര്‍ക്കും വേണ്ടാത്ത ഏതോ ജന്മങ്ങള്‍.


കുസൃതിയില്ലാതെ വേനലും വിരഹിണിയാം
മഴക്കാലവും ചാരം മൂടിയ വസന്തവും
വിതുമ്പലടക്കിയ സ്ത്രീജന്മ മായ്
കരയാതെ കരയാന്‍ ശീലിച്ചവള്‍

പാനപാത്രത്തില്‍ ഉച്ചിഷ്ടം കണ്ടെത്തിയില്ലെങ്കിലും
തിരകളോട് ശൃംഗരിക്കും ഭാവമായ്
തറയില്‍ വീണുടഞ്ഞു പൊടുന്നനെ
ചില്ലു കൊട്ടാരം കണക്കാ സ്വപ്ന സൌധം

ആരുമറിയാതെ തേങ്ങലൊതുക്കി
ഒരു കുഞ്ഞുഹൃദയം ആര്‍ക്കോ വേണ്ടി മിടിച്ചു
അവസാനത്തെ മണിമുഴങ്ങുന്നതും കാതോര്‍ത്ത്
ഭിത്തികള്‍ തകരും വരേക്ക്

പ്രാണ വായുവിനെ പ്രണയിച്ച്
പ്രാണ സഖിക്കായ് പകുത്ത് നല്കി
ഇന്നലകളില്‍ വീണുടഞ്ഞ സ്വപ്നസൌധം
ഉടച്ചു വാര്‍ത്തൊരു മണ്‍കുടില്‍ കെട്ടാന്‍

Thursday, October 05, 2006

സമാഗമം

അവര്‍ക്കിടയില്‍ കനത്ത നിശ്ശബ്ദധ തളം കെട്ടി. വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള ഈ കൂടിക്കാഴ്ച എന്തിനായിരുന്നെന്നവള്‍ വീണ്ടുമാലോചിച്ചു. അയാളെ കാണാന്‍ തനിക്കായിരുന്നല്ലോ തിടുക്കം. നിന്നെക്കാണാന്‍ ഞാനുമാശിച്ചിരുന്നെന്ന് അയാള്‍ പറഞ്ഞുമില്ല. പണ്ടും അയാള്‍ അങ്ങനെയായിരുന്നു എല്ലാം ഉള്ളിലൊതുക്കി...

"നിങ്ങളെന്നെ സ്നേഹിച്ചിരുന്നോ?" മറുപടി പ്രതീക്ഷിക്കാതെയെങ്കിലും ഉച്ചത്തിലുള്ള അവളുടെ ചോദ്യം നിശ്ശബ്ദധയെ നടുക്കി. അവളുടെ സ്വരം അയാളുടെ ചെവിയില്‍ ഒരു പ്രകമ്പനമായി. അതിനു മറുപടിയെന്നോണം അവരുടെ കാലുകളെ ചുംബിച്ച് ഒരു തിര തിരികെ പോയി.

'ഇതു ചോദിക്കാനാണോ താന്‍ ഇത്രയും ബദ്ധപ്പെട്ട് ഇതുവരെ വന്നത്?'

അയാളുടെ ചുണ്ടില്‍ ഒരു പുഞ്ചിരി തത്തിക്കളിച്ചു. മണലില്‍ നിന്ന് കല്ലുകള്‍ പെറുക്കി അയാള്‍ തിരയിലേക്കെറിഞ്ഞുകൊണ്ടിരുന്നു.

പുഴക്കടവില്‍ അയാളെയും പ്രതീക്ഷിച്ച് താനിരുന്നത് അവളോര്‍ത്തു. സ്കൂള്‍ വിട്ടുവരുന്ന അനിയനെ പ്രതീക്ഷിച്ചെന്ന മട്ടിലുള്ള ആ ഇരിപ്പ് തന്നെ കാണാനാണോ എന്നയാള്‍ ചോദിച്ചുമില്ല. അല്ല; ഒന്നു പുഞ്ചിരിക്കാനുള്ള ധൈര്യം പോലും അന്നയാള്‍ക്കുണ്ടായിരുന്നില്ലല്ലോ!


"നാളെ പുലര്‍ച്ചക്കുള്ള വണ്ടിക്ക് മദിരാശിക്ക് പോകും, പിന്നെ എന്നാ കാണാനവുകാന്ന്....." താനദ്യമായി അവളോട് പറഞ്ഞവാക്കുകള്‍, പോകരുതെന്നവള്‍ വിലക്കിയില്ല. വിലക്കിയാലും പോകാതിരിക്കാന്‍ അയാള്‍ക്ക് ആവില്ലെന്നവള്‍ക്ക് അറിയാമയിരുന്നോ? അവളുടെ കണ്ണുകളില്‍ നനവൂറിവരുന്നത് അയാളറിഞ്ഞു. പിഞ്ഞെ അവിടെ നില്‍ക്കാന്‍ അയാള്‍ക്കായില്ല. ഇടറുന്ന കാല്‍വയ്പുകളോടെ അയാള്‍ നടന്നകലുന്നത് കുതിര്‍ന്ന കണ്‍പീലികള്‍ക്കിടയിലൂടെ അവള്‍ കണ്ടു.

പടിഞ്ഞാറന്‍ ചക്രവാളത്തില്‍ സൂര്യന്‍റെ കിരണങ്ങള്‍ അലിഞ്ഞുതീരാറായി. അരണ്ട വെളിച്ചത്തില്‍ അവളുടെ സൌന്ദര്യം കുറേക്കൂടി വര്‍ദ്ധിച്ചതായി അയള്‍ക്ക് തോന്നി.

"നിങ്ങളുടെ ഭാര്യക്ക് എന്നെ അറിയാമോ?"

താന്‍ കല്യാണം കഴിച്ചിട്ടില്ലെന്നയാള്‍ പറഞ്ഞില്ല; പതര്‍ച്ചയില്ലാത്ത സ്വരത്തില്‍ "ഇല്ല" എന്നു മാത്രം അയാള്‍ പറഞ്ഞൊപ്പിച്ചു.

"നിങ്ങളെഞ്ഞെ ഓര്‍ക്കുന്നുണ്ടെങ്കിലല്ലേ, ഭാര്യയോട് എന്നെ പറ്റി പറഞ്ഞിട്ടുണ്ടാവൂ, അല്ലെ?"

'ഇവള്‍ക്കെങ്ങനെ ഇത്രയും ക്രൂരമായി സംസാരിക്കന്‍കഴിയുന്നു?'


പറയാനൊന്നുമില്ലാത്ത അവസ്ഥ, അതയാളെ വല്ലാതെ വേദനിപ്പിച്ചു. അവളുടെ മടിയില്‍ തലചായ്ച്ചുകിടക്കാന്‍ അയാള്‍ വല്ലാതെ കൊതിച്ചു.


"വൈകിയാല്‍ നിന്നെ അന്യേഷിക്കില്ലെ?"


"ജോലികഴിയുമ്പോള്‍ ചിലപ്പോഴൊക്കെ വൈകാറുണ്ട്." എങ്ങും തൊടാതെ അവള്‍ മറുപടി നല്കി. തീരം വിജനമായിക്കൊണ്ടിരുന്നു. കിളികളെല്ലാം കൂടണഞ്ഞു. കടലവിറ്റുകൊണ്ടിരുന്ന ചെറുപ്പക്കാരനും അപ്രത്യക്ഷമായി, തിരകള്‍ മാത്രം അവയുടെ നൃത്തം തുടര്‍ന്നു.

"നിങ്ങളെന്നു തിരിച്ചുപോകും"

നിന്‍റെ സീമന്ദരേഖയില്‍ സിന്ധൂരം കാണുന്നത് വരെ അതിനെ പറ്റിചിന്തിച്ചില്ലെന്നയാള്‍ പറഞ്ഞില്ല. തിരുച്ചുപോകണം ഇന്നല്ലെങ്കില്‍നാളെ.

"നീ കാണണമെന്ന് പറഞ്ഞത്?"

"എന്താ തീരെ ഇഷ്ടായില്ലേ?"

അത് പ്രതിക്ഷിച്ചു മാത്രം നടന്നിരുന്ന നാളുകള്‍ അതുമാത്രമാണ് ജീവിതമെന്ന് കണക്കു കൂട്ടിയിരുന്ന.. നഷ്ടസ്വപ്നങ്ങളുടെ കാളരാത്രികള്‍ എങ്ങനെ ഇവളോട് വിശദീകരിക്കും? അല്ല, അതിന്‍റെ ആവശ്യം. കഷ്ടപ്പാടുകളുടെ ദിനങ്ങള്‍, ഒരു തീരുമാനമെടുക്കാനാവാത്ത അവസ്ഥ. മറക്കാനാവുന്നത് തന്‍റെ മോഹങ്ങള്‍ മാത്ര മാണെന്നുള്ള തിരിച്ചറിവ്. എന്നിട്ട് തനിക്കതിനായോ? എന്നെ സ്നേഹിച്ചതിന് അവള്‍ക്ക് ലഭിച്ചത് ദുഃഖം മാത്രം.
അന്നയാള്‍ക്ക് താങ്ങായി അവളുടെ സ്നേഹം മാത്രം. എങ്കിലും തന്‍റെ തീരുമാനം തെറ്റായിപ്പോയെന്ന് ഒരിക്കലും അയാള്‍ക്ക് തോന്നിയില്ല.

'പുനഃസമാഗം ഒരുപാടാഗ്രഹിച്ചു. പക്ഷേ, ഇങ്ങനെ, ഇതായിരുന്നോ?'


"ഈ സന്ധ്യ അതവസാനിക്കാതിരുന്നെങ്കില്‍, അല്ലെ?" ആ പറഞ്ഞതില്‍ അവള്‍ക്ക് തന്നെ വിശ്വാസമില്ലാത്ത പോലെ.

അവര്‍ക്ക് ചുറ്റും ഇരുട്ടിന്‍റെ കാഠിന്യം വര്‍ദ്ധിച്ചുകൊണ്ടേയിരുന്നു.
പ്രിന്‍സി

Wednesday, September 27, 2006

പ്രണയം

വിരഹത്തിന് കഥകളില്‍ കേട്ട തീവ്രതയില്ല, പ്രണയത്തിന്‍റെ സ്വകാര്യത, ശാലീനത എല്ലാം എവിടെയോ നഷ്ടപ്പെട്ടിരിക്കുന്നു. ഇന്‍റെര്‍നെറ്റിന്‍റേയും sms-കളുടേയും ലോകത്തില്‍ വിരഹത്തിനെവിടെ സ്ഥാനം, എന്തു പ്രസക്തി അല്ലേ? അല്ല പ്രണയത്തിന്‍റെ അവസ്ഥയും അതുതന്നെയല്ലേ? 'Love In First Sight' ഇന്നത്തെ സമൂഹത്തിന് ഇതുപോലൊരു സ്നേഹത്തിനെപ്പറ്റി ചിന്തിക്കാനാവുമോ?
സ്നേഹം അര്‍ത്ഥശൂന്യമായിക്കൊണ്ടിരിക്കുന്നു. മലയാളി മലയാളം മറക്കുന്നു. അറിയാതെ തഴയുന്നു. വികാര വിസ്ഫോടനങ്ങളില്‍ അവന്‍ മറ്റു ഭാഷകളില്‍ അഭയം തേടുന്നു.
ആവശ്യങ്ങളറിഞ്ഞ് മനുഷ്യന്‍ സ്നേഹിക്കുന്നു, കാര്യസധ്യത്തിനായി അവന് പലരേയും വേണം, അതിനു വേണ്ടി അവന്‍ പുതിയ ചങ്ങാത്തങ്ങളുണ്ടാക്കുന്നു. ആവശ്യം കഴിയുമ്പോള്‍ കറിവേപ്പിലയേക്കാള്‍ വേഗത്തില്‍ വിസ്മൃതിയിലാവുന്നു. നേടാനുള്ളവ്യഗ്രതയില്‍ അവന്‍ പലതും നഷ്ടപ്പെടുത്തുന്നു. അറിഞ്ഞോ അറിയാതെയോ പലതും കണ്ടില്ലെന്നു നടിക്കുന്നു.
നമ്മുടെ ഉള്ളില്‍ സ്നേഹം നിറഞ്ഞു നില്‍പ്പുണ്ട്, എല്ലാവര്‍ക്കും എല്ലാത്തിനോടും സ്നേഹമുണ്ട്. എന്നാല്‍ അതിനോടുള്ള താല്പര്യത്തില്‍ അഥവാ അളവില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടായിരിക്കാം.നമ്മുടെ സ്വാര്‍ത്ഥതാല്പര്യങ്ങള്‍, അല്ലെങ്കില്‍ സാഹചര്യങ്ങള്‍ അഥവാ വിധിയെന്ന് അവസാനം നാം പഴിക്കുന്ന നിഴ്ചയങ്ങള്‍ നമ്മുടെ സ്നേഹത്തെ പലപ്പോഴും തോല്പിക്കുന്നു, അപ്പോള്‍ നാം ക്രൂരനും സ്വാര്‍ത്ഥനുമാകുന്നു, അന്ധനാകുന്നു. പിന്നെ സ്വയമറിയാതെ എന്തൊക്കെയോ ചെയ്യുന്നു. ആര്‍ക്കോവേണ്ടി. വികാരവിക്ഷോഭങ്ങള്‍ നിയന്ത്രണവിധേയമാകുമ്പോള്‍ ലജ്ജിക്കുന്നു, പശ്ചാത്തപിക്കുന്നു.
അവസരവാദികള്‍ അവസരത്തിനൊത്തുയരുമ്പോള്‍ അറിയാതെ കാലിടറിപ്പോകുന്നു, ആത്മബലം കൈവിടുന്നു. മരിക്കാത്ത ഓര്‍മ്മകളും മരവിക്കാത്ത മനസ്സും കൈമുതലാവട്ടെ.

മഴ

മഴപെയ്തുകൊണ്ടേയിരുന്നു.
നനഞ്ഞകാറ്റ് വാതില്‍ പഴുതിലൂടെ
അകത്തെ ഇരുട്ടിലേക്കെത്തി നോക്കി.
കൂട്ടായി, പ്രകമ്പനത്തോടെ ഒരുമിന്നലും.

മഴ തോരാതെ പെയ്തുകൊണ്ടിരുന്നു.
വിങ്ങകലടങ്ങാത്ത പ്രകൃതിയുടെ
പ്രതീകമായ്, അസഹനീയമാം
കാറ്റൊരു കുസൃതിച്ചിരിയോടെ
അകന്നു പോയി പുതിയ
മേച്ചില്‍ പുറങ്ങള്‍ തേടി.
പഴയ ഇരുളിനെ കൈവിട്ട്
പുതിയൊരു വെളിച്ചത്തിനായ്

അകലെ പ്രതീക്ഷയുടെ കിരണവുമായ്
സൂര്യ തേജസ്സുയര്‍ന്നു വന്നു.
പുതുകിനാവുകള്‍ നിശയുടെ
തീരത്ത് ഒറ്റപ്പെട്ടലഞ്ഞു നടന്നു

തോരാത്ത മഴയും തോര്‍ന്നു
പെയ്തൊഴിഞ്ഞ കാര്‍മേഘങ്ങളും
ഇടറിവീണ ജല കണങ്ങളും
മാനം വീണ്ടും വെളുത്തു.

കത്തിജ്ജ്വലിച്ച് വരുണനും
പ്രഭയില്‍ മുങ്ങിയ നിലാവും
ഉയരം കുറഞ്ഞ നിഴലുകളും
ഇരുട്ടിലലിയും വിലാപങ്ങളും.

നേര്‍ത്തപുകപോലെ മഞ്ഞിന്‍
കണങ്ങള്‍, നിഴ്ചലമായ പ്രകൃതി
ചലിച്ചുതുടങ്ങുമെല്ലാം....
ഇന്നല്ലെങ്കില്‍ നാളെ.

Tuesday, September 12, 2006

മരണത്തിന്‍റെ കാലൊച്ച.....

ഏകാന്തതയിലെവിടെയോ ഒരു
ചെറുതെന്നല്‍ വീശിയകന്നു..
രാവിന്‍റെ മാറില്‍ രാക്കിളിപാടി
ആരു മറിയാതെ ഞാനും തേങ്ങി..
വീണ്ടുമൊരു മഴക്കാലം
പിന്നെയൊരു ശിശിരവും
വസന്തവും പിന്നെ വേനലും.
കാലമിനിയും കറങ്ങിക്കൊണ്ടിരിക്കും
ചങ്ങലയിലെ കണ്ണികള്‍ കുറഞ്ഞതറിയാതെ..
സ്വപ്നങ്ങളില്ലതെ, നഷ്ടസ്വപ്നങ്ങളറിയാതെ
വേദനയിലും വേദാന്തങ്ങള്‍ പറയാന്‍
രാക്കിളിപ്പാട്ടുകള്‍ക്ക് കാതോര്‍ക്കാന്‍
ഇനിയൊരു വസന്തത്തിനായ് കാത്തിരിക്കന്‍
ഒരു പുലര്‍ക്കാലം വരുമോ?

Friday, September 01, 2006

...............

ഞാന്‍ സങ്കല്പങ്ങള്‍ക്കതീനനായിരുന്നില്ലൊരിക്കലും
നിറനിലാവിന്‍റെ പൂര്‍ണ്ണതയുമായിരുന്നില്ല
ഞാന്‍ നിനക്കായ് കരുതിയില്ലൊന്നുമൊരിക്കലും
ഒരു പുഞ്ചിരിക്കായ് അലഞ്ഞുമില്ല
ഞാന്‍ നിന്നില്‍ ഭ്രമിച്ചിരുന്നില്ലൊരിക്കലും
എന്‍റെ സ്വപ്നങ്ങളില്‍ നീയില്ലായിരുന്നു
ഞാന്‍ സ്നേഹത്തിന്‍റെ അര്‍ത്ഥ വ്യത്യാസങ്ങളിലൂടെ
നിന്നെ നയിക്കുമായിരുന്നു
പക്ഷെ.... പ്രണയം....., പ്രിയതോഴീ.........

നിന്‍ സജലനയനങ്ങളെ തഴുകിയുണക്കാന്‍..
ഒരു കുളിര്‍ക്കാറ്റായ് നിന്നരുകിലെത്താന്‍
നിന്‍ സങ്കല്‍പ്പങ്ങള്‍ക്ക് നിറങ്ങളേകാന്‍
ഞാന്‍ എങ്ങനെ...