Thursday, December 21, 2006

എനിക്ക് പറയാനുള്ളത്

"ഞാന്‍ എന്തിനു ബ്ലോഗുന്നു?" എന്ന ഇഞ്ചിപെണ്ണിന്‍റെ പോസ്റ്റ് കണ്ടപ്പോള്‍ എനിക്ക് പറയാനുള്ളതും പറയണം എന്നു തോന്നുന്നു. ഞാന്‍ ഈവര്‍ഷം ജൂലായിലാണ് മലയളത്തില്‍ ബ്ലോഗ്ഗാന്‍ തുടങ്ങിയത്. ഒന്നര വര്‍ഷമായി പ്രവാസിയായി ജീവിതം ഉന്തിയും തള്ളിയുമൊക്കെ നീക്കിക്കൊണ്ടിരുന്ന സമയത്താണ് എന്‍റെ ഒരു ഓര്‍കുട്ട് സുഹൃത്ത് മലയാളത്തില്‍ എഴുതന്നിതിനെപറ്റിയും എഴുതുന്നവരുടെ കൂട്ടായ്മയെ പറ്റിയുമൊക്കെ പറഞ്ഞുതന്നത്. അന്നുതന്നെ മലയാളത്തില്‍ വല്ലതുമൊക്കെ എഴുതി തുടങ്ങുകയും ചെയ്തു.. നാട്ടില്‍ ലീവിലായിരുന്നപ്പോളും പറ്റാവുന്ന സമയത്തൊക്കെ ബ്ലോഗ്ഗുകള്‍ വായിക്കുകയും എന്തെങ്കിലുമൊക്കെ എഴുതിയിടാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. ഇവിടെയെത്തി ഏകദേശം 3-4 മാസം കഴിഞ്ഞാണ് റിയാദില്‍ ഒരു കമ്പനിയില്‍ ജോലി തരപ്പെടുന്നത്. അതുവരെ റിയാദില്‍ നിന്ന് ആയിരത്തില്‍ പരം കിലോമീറ്ററുകള്‍ക്കപുറത്ത് നജ്റാന്‍ എന്ന ഒരു ചെറിയ സ്ഥലത്തായിരുന്നു, ഗ്രാമം എന്നു വേണമെങ്കില്‍ പറയാം; റിയാദുമായി താരതമ്യം ചെയ്യുമ്പോള്‍. അവിടെ ബന്ധുക്കളോടൊത്തായിരുന്നു, കുട്ടികളോടൊത്ത് ഒഴിവ് സമയം ചിലവിട്ടിരുന്നപ്പോള്‍ നാട്ടില്‍ നിന്നും വിട്ടുനില്‍ക്കുന്ന വിഷമം അറിഞ്ഞിരുന്നില്ല. പഠിക്കുന്ന കാലത്ത് പോലും ഒരാഴ്ചയില്‍ കൂടുതല്‍ വീടു വിട്ടു നിന്നിട്ടില്ലായിരുന്നു. പോളിടെക്നിക്കില്‍ ആദ്യ വര്‍ഷം ഞാന്‍ പാലക്കാട് ആയിരുന്നു പഠിച്ചത്. അപേക്ഷകള്‍ പൂരിപ്പിക്കാന്‍ എനിക്കറിയാന്‍പാടില്ലായിരുന്നതിനാലും പൂരിപ്പിച്ചു തന്ന അമ്മാവന്‍റെ ആദ്യ ചോയ്സ് 'നോഡല്‍' (എന്താണാവോ ആവാക്കിന്‍റെ അര്‍ത്ഥം അന്നും ഇന്നും വലിയ പിടി ഇല്ല, പിന്നെ ഏകദേശം ഒരര്‍ത്ഥമങ്ങ് മനസ്സില്‍ കരുതീട്ടുണ്ട് അറിയാത്തവരൊക്കെ അങ്ങനെ ഒരു അര്‍ത്ഥമങ്ങ് മനസ്സിക്കണ്ടോളൂ, നിക്ക് പരാതി ഇല്ലാ.) പോളി നല്കണമെന്ന ആഹ്വാനത്തെ എതിര്‍ക്കാനുള്ള ധൈര്യക്കുറവും, പിന്നെ പറഞ്ഞിട്ടും പ്രയോജനമൊന്നുമില്ല എന്ന തിരിച്ചറിവും എന്നെ തൊട്ടടുത്തുള്ള (വെറും ഇരുപത് കിലോമീറ്റര്‍) പോളിയില്‍ സീറ്റ് കിട്ടാനുള്ളതിലും അധികവും മാര്‍ക്കുണ്ടായിരുന്നിട്ടും, അറുപത് കിലോമീറ്ററോളം അകലെയുള്ള പോളിയിലെത്തിച്ചു. (അമ്മാവനെ കുറ്റം പറഞ്ഞതല്ല കെട്ടോ, എന്തു സഹായം ചെയ്യാനും കൂടെ ഉള്ള ഒരമ്മാവനാണെ..) അഡ്മിഷനോടൊപ്പം, കോളേജ് (പോളിടെക്നിക്കുകളൊക്കെ പോളിടെക്നിക്ക് കോളേജ് ആക്കിയത് എല്ലാരും അറിഞ്ഞിരിക്കുമല്ലോ അല്ലെ? എന്നിട്ടെന്ത് ഉപകാരമുണ്ടായി എന്ന് ഞാനടക്കമുള്ള കുറേ പേര്‍ക്കെങ്കിലും മനസ്സിലായിട്ടുണ്ടാവില്ല, ഇഷ്ടപ്പെട്ട വസ്ത്രം ധരിക്കനുള്ള സ്വാതന്ത്ര്യം പോലും വീണുകിട്ടിയില്ല.)ഹോസ്റ്റലില്‍ ഒരു സീറ്റും തരപ്പെടുത്തി തന്നു. എല്ലാ ആഴ്ചയും വെള്ളിയാഴ്ച ഉള്ളത് കൊണ്ട് കൃത്യമായി ഞാന്‍ വീട്ടിലെത്തി. ഒന്നരമാസം തികച്ചു ഞാന്‍ അവിടെ നിന്നില്ല എന്നാണ് പറഞ്ഞു വന്നത്. റാഗിംഗ് പേടിച്ചാണ് ഹോസ്റ്റല്‍ വിട്ടതെന്ന് നാട്ടുകാരും വീട്ടുകാരും പറയുന്നുണ്ടെങ്കിലും,(അത് നിങ്ങളാരും കാര്യമായെടുക്കണ്ടാന്ന്, അസൂയക്കാര് അങ്ങനെപലതും പറയും, അല്ലെ?) എനിക്കെന്‍റെ ഉമ്മയെ പിരിഞ്ഞിരിക്കാന്‍ വയ്യെന്നതായിരുന്നു സത്യം. എന്നും നടക്കുന്ന കാര്യങ്ങളില്‍ സിനിമക്ക് പോയതും പിന്നെ സെന്‍സര്‍ ചെയ്യേണ്ട അല്ലറ ചില്ലറ വിക്രിയകളൊഴിച്ചാല്‍ (പുകച്ചുരുളുകളുടെ ലോകത്ത് ആയിടക്കായിരുന്നു ചെന്നു പെട്ടത്, ഇപ്പൊ അതൊന്നും ഇല്ലാട്ടോ, ആരേലും തെറ്റിദ്ധരിച്ചാലോ?) ഒരു വിധം എല്ലാം ഞാന്‍ എന്‍റെ ഉമ്മയോടോ അല്ലെങ്കില്‍ ചേച്ചിമാരോടൊ പങ്കുവെയ്ക്കുമായിരുന്നു. (അല്ലാതെ എനിക്ക് ഉറക്കം വരണ്ടെ ഞാന്‍ എന്തു ചെയ്യാനാ??) പഠിത്തം കഴിഞ്ഞ് ജോലിയൊന്നും തരപ്പെടാതിരുന്നതും, ജോലി അന്യേഷിക്കാന്‍ തീരെ മടിയില്ലാതിരുന്നതിനാലും, നാട്ടില്‍ നിന്നിട്ട് പ്രത്യേകിച്ച് ഒരു കാര്യവും നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും മനസ്സിലായതിനാലും, പിന്നെ വീട്ടുകാരെങ്കിലും രക്ഷപ്പെട്ടോട്ടെ, എന്ന എന്‍റെ മനസ്തിഥിയും, വിസയെടുത്ത് എന്നെ ഇവിടെയെത്തിക്കാന്‍ എന്‍റെ ബഡാ അമ്മാവന്‍ കാണിച്ച സന്‍മനസ്സും കാരണം, നാട്ടില്‍ വീടുവിട്ടു നില്‍ക്കേണ്ട അവസ്ഥ ഉണ്ടായില്ല. അങ്ങനെയുള്ള ഞാന്‍ റിയാദെന്ന നഗരത്തില്‍ എത്തിയപ്പോള്‍ യാന്ത്രികമായി പണിയെടുക്കാന്‍ മാത്രം ശീലിച്ച കുറേ പേരുടെ ഇടയിലാണ് ചെന്നു പെട്ടത്, എന്‍റെ വിചാരങ്ങളും വികാരങ്ങളുമായി ഒരു തരത്തിലും പൊരുത്തപെട്ടു പോകാത്ത ഒരു പറ്റം ആളുകള്‍. സാഹചര്യത്തിനനുസരിച്ച് കാലം അവരെ മാറ്റിയതായിരിക്കാം; പക്ഷേ, എന്‍റെ മനസ്സ് അതൊന്നും ഉള്‍ക്കൊള്ളാന്‍ തയ്യാറല്ലായിരുന്നു. മലയാളം സംസാരിക്കാന്‍ പോയിട്ട് ഉള്ളുതുറന്നൊന്ന് സംസാരിക്കാന്‍ ഒരു ശ്രോതാവില്ലാതെ ബുദ്ധിമുട്ടിയിരിക്കുമ്പോഴാണ് യാഹുദൂദന്‍ തുണക്കെത്തിയത്, കമ്പനിയില്‍ കുറെ ബു.ജി കള്‍ ഉണ്ടായിരുന്നത് കൊണ്ട് യാഹുദൂദന്‍റെ 'പപ്ലിക് ചാറ്റ്' പ്രവര്‍ത്തിക്കില്ലായിരുന്നു. പിന്നെ പ്രൊഫൈലുകള്‍ തിരഞ്ഞ് സുഹൃത്തുകളെ കണ്ടെത്താനുള്ള ശ്രമമായി, വര്‍ഷം ഒന്നങ്ങനെ കടന്നു പോയെങ്കിലും പേരെടുത്ത് പറയാന്‍ തക്ക ഒരു സുഹൃത്തിനെ സമ്മാനിക്കാന്‍ പോലും യാഹുവിനായില്ല. അങ്ങനെ ഇരിക്കുമ്പോള്‍ പണ്ടെന്നൊ പയറ്റി തെളിയാതെ പോയ ഓര്‍ക്കുട് വീരനിലൂടെ എന്‍റെ ഒരു സഹപാഠി എന്നെ കണ്ടെത്തിയത്.. പിന്നെ ഓര്‍ക്കുട്ടായി സഹയാത്രികന്‍, അതിനിടെ ഓര്‍ക്കുട്ടിനെ സൌദിയില്‍ വിലക്കി. പോം വഴികള്‍ പലതുള്ളത് കൊണ്ട് വിലക്കൊരു തടസ്സമായില്ല. പിന്നീടാണ് ബ്ലോഗ്ഗുകളുടെ ലോകത്തെത്തിയത്, ഇവിടെ പറയത്തക്ക പരിചയങ്ങള്‍ എനിക്കില്ലെങ്കിലും ഞാനും നിങ്ങളിലൊരുവാനായി, ഞാന്‍ പറയുന്നത് കേള്‍ക്കാനും ആരൊക്കെയോ ഉണ്ടെന്നൊരു തോന്നല്‍ എന്‍റെ ഒരു പോസ്റ്റിലും കമ്മന്‍റ് പത്തിനു മുകളിലെത്തിയിട്ടില്ല, എങ്കിലും അതിലെ ഓരോ പോസ്റ്റും പത്തില്‍ കുറയാതെ ആളുകള്‍ വായിക്കുന്നുണ്ട് എന്ന ഉറച്ച വിശ്വാസം എനിക്കുണ്ട്. പിന്‍മൊഴികളിലൂടെയും അല്ലാതെയും കുറച്ചുപേരുടെയെങ്കിലും ബ്ലോഗ്ഗില്‍ ഞാനുമെത്തുന്നു. പിന്നെ അധികവും റൂമിലെത്തി വലയുടെ പരിധിക്ക് പുറത്തിരുന്നാണ് പലപ്പോഴും വായിക്കാറ് അതു കൊണ്ട് അധികമൊന്നും ഞാന്‍ കമ്മന്‍റാറില്ല. പിന്നെ സമയക്കൂടുതലും അധികസമയവും അലസമായി ഇരിക്കാന്‍ ഇഷ്ടപ്പെടുന്നതു കൊണ്ടും ഞാന്‍ വായിച്ചെത്തുമ്പോഴേക്കും ഒരുപാട് വൈകിയിട്ടുണ്ടാവും. ഇപ്പോ വീണ്ടും റിയാദിനു പുറത്ത് അറിയാവുന്നവരായി ആരുമില്ലാത്ത മറ്റൊരു ഗ്രാമ പ്രദേശത്ത്. പക്ഷേ, പണ്ടത്തെ അത്രയും ഒറ്റപ്പെടലില്ല. രാവിലെ വിളിച്ചുണര്‍ത്തി സുപ്രഭാതം പറയാനും പരിഭവപ്പെടാനും ഒക്കെ ഇപ്പൊ ഒരാളുണ്ട്. മണിക്കൂറുകള്‍ക്കപ്പുറത്തുനിന്ന്, പറ്റാവുന്ന ദിവസങ്ങളിലെല്ലാം രാവിലെ എന്നെത്തേടി ആ പ്രഭാത വന്ദനമെത്തും (ഞാന്‍ കല്യാണമൊന്നും കഴിച്ചിട്ടില്ലാട്ടോ.. അതിനുള്ള പ്രായൊന്നും ആയിട്ടില്ലാന്ന്). ഒറ്റയ്ക്കല്ലാന്ന് തോന്നല്‍, അതു വലിയൊരാശ്വാസ്മായ്.. പിരിയാന്‍ വയ്യാത്ത സുഹൃത്ത് ബന്ധങ്ങള്‍ ഇവിടെ നിന്നും കിട്ടും തീര്‍ച്ച. പിന്നെ ഇഞ്ചിപ്പെണ്ണ് പറഞ്ഞപോലെ ഒരേ ഫ്രീക്വന്‍സിയിലുള്ളവരുമായി സംസാരിക്കുമ്പോള്‍ കിട്ടുന്ന ആ ഊര്‍ജ്ജം അതിനു നല്കാന്‍ കഴിയുന്ന ഉണര്‍വ്വ് മാത്രം മതി ബൂലോകത്തെ വ്യത്യസ്തമാക്കാന്‍. എന്‍റെ ബ്ലോഗ്ഗിലുള്ള പോസ്റ്റുകളെല്ലാം എന്‍റെ ജല്പനങ്ങള്‍ മാത്രമാണ്, എന്‍റെ നഷ്ടപ്പെടലുകള്‍.. വല്ലാതെ വേദനിക്കുമ്പോള്‍ അതു പങ്കുവയ്ക്കാന്‍ ഒരിടം. തിരിച്ച് കാര്യമായൊന്നും പ്രതീക്ഷിക്കാതെ തന്നെ, എഴുതി പോസ്റ്റ് ചെയ്ത്, അതു കാണുമ്പോളും അതിനുള്ള അഭിപ്രായങ്ങളും അല്ലെങ്കില്‍ മൌനമായി അതുവായിച്ച് ദീര്‍ഘനിശ്വാസം വിടുന്ന വായനക്കാരനെ തിരിച്ചറിയുമ്പോള്‍, മനസ്സിന് കിട്ടുന്ന ഒരു തൃപ്തി... അതു പോരെ നമ്മെ മുന്നോട്ട് നയിക്കാന്‍, കഴിയുന്നിടത്തോളം കാലം ബ്ലോഗ്ഗറായോ അതിനു കഴിഞ്ഞില്ലെങ്കില്‍ ഒരു ശ്രോതാവായോ നിലനില്ക്കുക, അതിനാവുമായിരിക്കും.

5 comments:

Siju | സിജു said...

ബ്ലോഗിന് ആശംസകള്‍
കമന്റ് പോപ്പപ്പ് മാറ്റുന്നതായിരിക്കും നല്ലതെന്നു തോന്നുന്നു

Khadar Cpy said...

എപ്പഴേമാറ്റി.. :D

സു | Su said...

ഞാന്‍ വായിക്കാറുണ്ട് എല്ലാം :)

mydailypassiveincome said...

പ്രിന്‍സി,

കൊള്ളാം. എല്ലാ ആ‍ശംസകളും. :)

പാതിരാമഴ said...

എന്തിനാ ഇങ്ങനെ ഒരു വിശദീകരണം? എങ്ങനെ നോക്കിയാലും ലാഭം മാത്രമല്ലേ ഉള്ളു ഈ ഒര്‍കുടും ബ്ളോഗും കൊണ്ട്‌? അതു കൊണ്ട്‌ ഇനിയും ഇനിയും നൊമ്പരത്തിണ്റ്റെ കവിതകള്‍ വായിക്കാനായി തരിക.. ആശംസകള്‍