Tuesday, July 24, 2012

നീ

ഇന്നലെ ഒരു പുഷ്പം വിടര്‍ന്നു
എന്‍റെ പൂന്തോട്ടത്തിലെ അവസാനത്തെ
എന്നില്‍ ഒരുപാട് സൌരഭ്യം വിതറി
ഇതള്‍ കൊഴിഞ്ഞിന്നത് ഭൂമിയെ പുണര്‍ന്നു

എന്നെ തനിച്ചാക്കി കാലത്തിലഭയം തേടി നീ
ഞാനുമെന്‍ ആരാമവും ഇനിയാര്‍ക്കു വേണ്ടി
വെട്ടി ഞാനെല്ലാം നീ വിടര്‍ന്ന കൊമ്പ് വരെ
കത്തുന്ന തീയില്‍, അവസാനിക്കട്ടെ എനിക്കൊപ്പമെല്ലാം

Tuesday, July 03, 2012

നീ

നിന്‍റെ വരവിനു കാതോര്‍ക്കാനിനി എനിക്കാവില്ല

നിന്‍റെ പാദ സ്പന്ദനങ്ങള്‍ എന്നില്‍നിന്ന് അകന്നു

മെതിയടി  ശബ്ദം പോലെ അതലിഞ്ഞില്ലതെയായി

എന്‍റെ അവസാന നിശ്വാസവും നിന്നില്‍ ലയിച്ചു തീര്‍ന്നു.

Tuesday, November 02, 2010

അഹം

എന്‍റെ പേനയിലെ മഷി വീണ്ടും
പുസ്തകത്താളിനെ സ്നേഹിച്ചു തുടങ്ങി
എന്‍റെ അക്ഷരങ്ങളിലൂടെ എന്നെ
ഞാനിനിയും വരച്ചെടുക്കാന്‍ ശ്രമിക്കട്ടെ


ഇതുവരെ സംഭവിച്ചതെന്‍റെ മരണമായിരുന്നില്ല
ഞാന്‍ എന്നിലേക്കടങ്ങിയതായിരുന്നിരിക്കണം
എന്തിനെന്നെനിക്കറിയില്ല, എപ്പോഴെന്നും
ഇതും കാലത്തിന്‍റെ ആവശ്യകതയായിരുന്നിരിക്കാം


ഞാനുമാഗ്രഹിക്കുന്നു ഒരു തിരിച്ചു വരവ്
ഒരു പക്ഷേ ഇതെന്‍റെ തിരിച്ചു വരവായിരുന്നെങ്കില്‍
വെറുതെയാകില്ലിതെങ്കില്‍, എനിക്കെന്നെയെങ്കിലും
നഷ്ടപ്പെടാതിരിക്കുമായിരുന്നു

Tuesday, February 16, 2010

അനിവാര്യമായ മരണം

ദേവിയായ് കണ്ട് പൂജിച്ചിടാം നിന്നെ
അമ്മയായ് കണ്ടു ഞാന്‍ ആരാധിച്ചിടാം
മകളായ് കണ്ട് വാത്സല്യമേകിടാം
അനിയത്തിയായ് കണ്ട് ലാളിച്ചിടാം നിന്നെ...


നിന്നിലലിഞ്ഞില്ലാതെയായിടാന്‍
നിന്നെ പ്രണയത്തില്‍ മൂടിടാന്‍
നിന്നഭിലാഷങ്ങള്‍ നിറവേറ്റിടാന്‍
ഇനിയെനിക്കാവില്ലീ ജന്മമൊരിക്കിലും


എന്തിനെന്നെ നീ പ്രണയിച്ചിടുന്നു?
അമ്മയാണു നീ, മകളും..
ഭാര്യയാണു നീ, സഹോദരിയും..
പ്രണയം, നിനക്കിനിയതെന്തിനിയും....!


അറിയുന്നു നീയും ഞാനുമതിന്നെങ്കിലും
നിന്‍റെ മനസ്സിനെ മുറിവേല്പിക്കാതെ
നിന്‍റെ ഹൃദയത്തിനു പോറലേല്‍ക്കാതെ
നമ്മുടെ പ്രണയത്തെ മരിക്കാന്‍ അനുവദിക്കാം.....

Friday, January 18, 2008

വെറുതെ..

നിന്‍റെ പാദ സ്പര്‍ശമേറ്റ മണ്ണിനെ ഞാനറിയുന്നു
കണ്ണുനീരില്‍ കുതിര്‍ന്ന മണ്ണില്‍ പതിഞ്ഞ കാല്‍പ്പാടുകളും
ഇന്നലെ നീ നടന്ന വഴികളിലൂടിന്നു ഞാന്‍ നടക്കുന്നു
വെറുതെയെങ്കിലും നീ എന്‍റെ മനസ്സില്‍ മരിക്കതിരിക്കാന്‍

Monday, August 20, 2007

കണ്ടാലറിയുമോ

എന്‍റെ പ്രണയത്തെ ചെപ്പിലടച്ചു ഞാന്‍
ചെപ്പൊരു കാട്ടുചോലയിലൊഴുക്കി വിട്ടു..
ചോലയെ മറന്ന ഞാന്‍ കാടിനേയും മറന്നു..
കാടിരുന്നൊരാ നാടിനേയും മറന്നു..


ചെപ്പിനറിയുമോ അലയുന്നതിന്നു ഞാന്‍
എന്‍റെ പ്രണയത്തെ തേടിയാണീ
കാടുകള്‍തോറും മേടുകള്‍തോറും
കാട്ടുചോലയിതെവിടെന്നറിയാതെ


നിങ്ങള്‍ കണ്ടുവോ എന്‍റെ പ്രണയത്തെ
അടച്ചൊരാ ചെപ്പിനെയോ, ചെപ്പൊഴുകുമാ
ചോലയെയോ, കണ്ടാലറിയുമോ..
ഞാന്‍ തേടുമെന്‍ ഹൃദയത്തിനെ.....

Thursday, June 14, 2007

രോദനം

ഇലകള്‍ കൊഴിഞ്ഞ മരക്കൊമ്പില്‍
ഇണക്കുരുവികള്‍ കൊക്കുരുമ്മി
കലപിലകൂട്ടാതെ, പരിഭവങ്ങളില്ലാതെ
കിന്നാരങ്ങള്‍ പറയാതെ, പൊട്ടിച്ചിരിക്കാതെ
രാവും പകലുമറിയാതെ
മഴയും വെയിലുമോര്‍ക്കാതെ
മഴവില്ലിനു വഴിമാറാതെ
ദിനങ്ങള്‍ കൊഴിഞ്ഞു വീണു
പ്രകൃതി ഒരു പ്രകമ്പനമായൊരു രാവില്‍
ക്രൂരമായൊരു ഹുങ്കാരവുമായ്
തകര്‍ത്തെറിയാന്‍ വെമ്പും മനസ്സുമായ്
വന്നൊരാ കാപാലികനെ
കണ്ടു വിറച്ചിരുന്നു വൃദ്ധനാം
തരുവിന്‍റെ കണ്ണുകള്‍ നിറഞ്ഞു
ഇടറിയ കാലുകള്‍, അടിതെറ്റി
പാവം ഭൂമിയെ സ്പര്‍ശിച്ചു
അഹങ്കാരമേതുമില്ലാതെ.
വഴിതെറ്റി പാവം കുരുവികള്‍
രണ്ടും പലവഴിക്കായി...
കേള്‍ക്കുന്നുവോ നീ ഒരു രോദനം
ഇണയെത്തേടും, ദീന രോദനം

Saturday, May 19, 2007

നിന്‍റെ ഓര്‍മ്മക്ക്

ഒരു വരണ്ട കാറ്റ് എന്നെ തഴുകി അകന്നു പോയി..
അതെന്നെ ഒരിക്കല്‍ക്കൂടി ഓര്‍മ്മിപ്പിച്ചു എന്നേക്കുമായി
നീ എന്നെ വിട്ടുപോവുകയാണെന്ന്
ഒരിക്കലും തിരിച്ചു വരാന്‍ കഴിയാത്തത്രയും അകലേക്ക്...

സ്നേഹത്തിന്‍റെ ചൂടും സൌന്ദര്യവും ആ കാറ്റിനുണ്ടായിരുന്നോ?
ഞാന്‍ നിന്‍റെ ലോകമെന്നൊരു വേള നിന്നെ പറയിപ്പിതെന്തായിരുന്നു?
ഞാനില്ലാത്ത ലോകത്തു നീയില്ലെന്നും നീ പറഞ്ഞിരുന്നില്ലെ?
നമ്മുടെ ലോകത്തു മറ്റൊരാളും വേണ്ടെന്ന് പറഞ്ഞതും നീയല്ലേ?

എപ്പോഴാണ് നിന്‍റെ വേദനകള്‍ ഞാന്‍ അറിയാതെ പോയത്?
എന്‍റെ പ്രണയും തിരമാലകളെ പോലെ അനാധമായതെപ്പോഴാണ്?
എന്‍റെ ഹൃദയം വിണ്ടു കീറിയത് നീ കാണാതയതും
മായാലോകത്തു നിന്നും നീ മോചിതയായതും ഞാനെന്തേ അറിഞ്ഞില്ല?

ശ്രുതി മീട്ടി ശബ്ദം നശിച്ച വീണയെപ്പോലെ,
എന്‍റെ ഹൃദയത്തിന്‍റെ താളവും നിലച്ചു
കോമാളിയെപ്പോലെ അവസരം
നോക്കാതെ ചിരിക്കുമ്പോളും കരയുന്നു
എന്‍റെ മന്താരവും എന്‍റെ പൂന്തോട്ടവും
മനസ്സിന്‍റെ അകത്തളത്തിലെവിടെയോ ആരുമറിയാതെ കുഴിച്ചുമൂടി

ഉച്ചവെയിലിനുശേഷം കുളിര്‍ക്കാറ്റോടെയെത്തും
സായഹ്നത്തെ പകപ്പോടെ നോക്കി ഞാന്‍ നില്‍പൂ
വ്രണിതമാം എന്‍ശിരസ്സും മനസ്സും
ഹൃദയത്തിനിവിടെ പ്രസക്തിയും നഷ്ടം
ചുട്ടുപഴുത്ത മണല്‍ത്തരികള്‍
എന്‍ കാലുകളെ നോവിച്ചില്ല തെല്ലുപോലും



വേദനിപ്പിച്ചു ഞാന്‍ നിന്നെ ഒരുപാട്‌
സ്വയമറിയാതെ, മനമറിയാതെ
ചെയ്യണം തെറ്റുകള്‍ക്ക്‌ പ്രായശ്ചിത്തമെനിക്ക്‌
ഈരാവിന്‍റെ അന്ത്യയാമത്തിനു മുന്‍പെങ്കിലും

സ്വയം മറന്നൊന്നുറങ്ങണം ഇനിയൊരു
പുരലിക്ക്‌ കാതോര്‍ക്കനില്ലാത്തപോലെ ..
എന്നെത്തനിച്ചാക്കി നീ നടന്ന വഴികള്‍
താണ്ടണമെനിക്ക്‌ നിനക്ക്‌ മുന്‍പേ..



ഇനി ഒരു ജന്‍മം എനിക്കുണ്ടെങ്കില്‍
നീ എനിക്കായി ജനിച്ചിരുന്നെങ്കില്‍
എനിക്കായി പൊഴിക്കരുത്‌ നീ ഒരിറ്റ്‌
ബാഷ്പമൊരിക്കലും, വെന്തുപോയിടും

നിന്നെ മറക്കാനായിരുന്നെങ്കില്‍
എനിക്കൊന്നു ചിരിക്കാനാകുമായിരുന്നു..
ഒരുപ്രഭാതം വിടരട്ടെ, നിനക്കു മുന്‍പില്‍
എന്‍റെ ഓര്‍മ്മകള്‍ തെല്ലുമില്ലാതെ...

Sunday, April 22, 2007

ഇര (ഒന്നുമറിയാതെ വധിക്കപ്പെടുന്നവന്‍)

ചോരയായിരുന്നു തെറിച്ചു വീണത്
ചങ്കു പിളര്‍ന്ന ചോര
എന്തിനായിരുന്നു കൊലപാതകം
അറിയില്ല, മരിച്ചവനും കൊന്നവനും

കൊന്നു കൊതി തീരാത്ത വാളിനും
വേദന അറിഞ്ഞില്ല; നടുക്കം തീരും മുമ്പേ
ഒഴുകിയ ചോരക്ക് ഒരേനിറമായിരുന്നു
കുടിച്ചു വീര്‍ത്ത മണ്ണിന്‍റെ അതേ നിറം

കൊന്നവന് ഒന്നും നഷ്ടപ്പെട്ടില്ല
സ്വന്തം മനസ്സാക്ഷിപോലും
മരിച്ചവനും നഷ്ടം തുല്യമായിരുന്നു
എന്തിനീ വിധിയെന്ന് അവനറിഞ്ഞില്ലെങ്കിലും

ആരാണ് നേടിയത്, മരിച്ചവനോ കൊന്നവനോ?
അതോ, ഇനി ഒരു മൂന്നാമനോ?
ഒഴുകിയ രക്തം കട്ടപിടിക്കും മുന്‍പേ
അവര്‍ നടന്നു, അടുത്ത ഇര തേടി....

മതവും ദൈവവും

എന്‍റെ മതം നിന്‍റെ മതം
ഞങ്ങളുടെ മതം,നിങ്ങളുടെ മതം
എന്‍റെ ശരി നിന്‍റെ തെറ്റ്
എന്‍റെ വിശ്വാസം നിന്‍റെ വിശ്വാസം


ഏതാണ് ശരി നീയോ ഞാനോ..
കൈവിട്ട് പോയിരുന്നു
ദൈവം കണ്ണിറുക്കി അടച്ചു
അവസാന അസ്ത്രവും പിഴച്ച്

നമ്മുടെ മതം; ചുണ്ടുകള്‍ വിറച്ചു
എന്‍റെ മതം നീയും നിന്‍റെ മതം ഞാനും
നമ്മുടെ മതം സ്നേഹവുമെങ്കില്‍
ഈ ഭൂമിയല്ലേ സ്വര്‍ഗ്ഗം..
അലറി വിളിക്കാനായില്ല
വിതുമ്പുകയായിരുന്നു ദൈവവും

ചുറ്റിലും പതിക്കുന്ന കല്ലുകള്‍ക്കപ്പുറം
ഭ്രാന്തനെന്ന ഹുങ്കാരവും ദൈവം കേട്ടില്ല
ഭൂമിയെ സ്വര്‍ഗ്ഗമാക്കാന്‍ വന്നിരിക്കുന്നു
ഇവനു ഭ്രാന്തല്ലാതെ മറ്റെന്ത്

ആരു നീ

വേനലിലാണ് ആ പൂ വിരിഞ്ഞത്
ആരും നടാതെ, നനക്കാതെ
ചുറ്റിലും വളരുന്ന പുല്ലുപോലും ആരും പറിച്ചില്ല
തണലിനുവേണ്ടി, കൈകള്‍ പോലും മറച്ചില്ല, സൂര്യനെ..

എങ്കിലും വിരിഞ്ഞു, വേനലില്‍ തന്നെ.
കത്തിച്ചു കൊല്ലാന്‍ സൂര്യനും ശ്രമിച്ചു
തന്നാലാവും വിധം, മഴയും ഒഴിഞ്ഞു നിന്നു
വാടിയെങ്കിലും കരിഞ്ഞില്ല, കൊഴിഞ്ഞുമില്ല

ഇന്നലെയാണതിനെ ഞാന്‍ കണ്ടത്
കളകള്‍ക്കിടയില്‍ ഒരു നറു പുഞ്ചിരിയുമായ്
കുപ്പത്തൊട്ടിയിലും മാണിക്യം തിളങ്ങുമത്രേ
തേജസ്സില്ലായിരുന്നു, എങ്കിലും ചിരിക്കാന്‍ മറന്നില്ല

കരയുന്നു മുണ്ടായിരുന്നില്ല, തന്‍റെ വിധിയോര്‍ത്ത്
എങ്കിലും വിഷാദമായിരുന്നു മുഖത്ത്
പരിഭവവും പരാതിയുമില്ലെങ്കിലും
ചിരിക്കുന്ന മുഖവും കരയുന്ന കണ്ണുകളും, ആരു നീ?

Sunday, March 11, 2007

രാത്രി മഴ

രാത്രി മഴ, ഇന്നലകളിലെന്നെ തഴുകിയുറക്കാന്‍
ഒരു കുളിര്‍കാറ്റുമായി എന്നരികിലെത്തിയ
കാമിനിയെപ്പോലെ വാരിപ്പുണര്‍ന്ന്
ഒരു തലോടലായെന്നെ പുളകമണിയിച്ച
പേടിപ്പെടുത്തും ഇരുളിന്‍റെ വിരിമാറില്‍
സാന്ത്വനത്തിന്‍റെ ഈരടികള്‍ മൂളി
ഉറങ്ങാതെ കൂട്ടായെന്നരുകില്‍
പുലരിതന്‍ വെട്ടമണയും വരെ…



രാത്രി മഴ, ചടുലമാം കാല്‍വയ്പ്പുകളുമായെന്നെ
പേടിപ്പെടുത്തും താണ്ടവ നൃത്തവുമായ്
ഇന്നെന്‍റെ രാത്രികളില്‍ ഒരു ദുഃസ്വപ്നമായ്
തോരാത്ത കണ്ണീരിന്‍ ഓര്‍മയുമായ്
മുറിവേറ്റ ഹൃദയത്തെ വ്രണിതമാക്കും വിധം
വേദനിക്കും ഓര്‍മകളുടെ ശോകഗാനവുമായ്
പിന്തുടരുന്നിതെന്തിനുവേണ്ടി..
അന്ത്യ യാമത്തിലെന്നെ തനിച്ചാക്കി അകലുന്നതെന്തിനുവേണ്ടി...

Monday, March 05, 2007

ഉദകക്രിയ.....

എന്തു ഞാന്‍ ചെയ്തു നിന്നോടധമമായ്
അന്ധമായ് നിന്നെ പ്രണയിച്ചതൊഴിച്ചാല്‍
അരുതെന്ന് നീ വിലക്കിയെങ്കിലും
കഴിയുവതില്ല എനിക്കതെന്നറിയാമയിരുന്നില്ലെ...

പഴിക്കില്ലൊരിക്കലും നിന്നെ ഞാന്‍
സ്വാര്‍ത്ഥമാം എന്‍വഴി നീ വരുവതില്ലെങ്കിലും
ഉറക്കമില്ലാത്ത രാത്രികള്‍ക്കൊരവസാനവും
നിരാശയില്ലാത്തൊരു പുത്തന്‍ പ്രഭാതവും

കാത്തിരിപ്പു ഞാന്‍ ഒരുവേള നിന്‍ പാദസ്പന്ദനം
അരികിലേക്കണയുമെന്നൊരു വ്യാമോഹവുമായ്
വസന്തകാലത്തിന്‍ ശേഷിപ്പുമായ്
ഇനിയുമൊരു കുളിര്‍ക്കാറ്റിനായ്

മനസ്സും ശരീരവും ദഹിപ്പിച്ച്
എരിഞ്ഞടങ്ങിയ ചിതയവശേഷിപ്പിച്ച
എല്ലിന്‍ കഷണങ്ങള്‍ ഗംഗയിലൊഴുക്കി
ഉദകക്രിയകളും ചെയ്ത് മടങ്ങും മുന്പെങ്കിലും

Wednesday, February 07, 2007

തനിയാവര്‍ത്തനം.

തുടക്കം എങ്ങനെയായിരുന്നു?
ഞെട്ടിയുണര്‍ത്തിയ ദുഃസ്വപ്നമോ,
ഉറക്കമില്ലാത്ത രാത്രികളോ?
ആവശ്യക്കാരന്‍റെ അനൌചിത്യമോ?

പേടിപ്പെടുത്തുന്ന മുഖങ്ങളില്‍,
പുഞ്ചിരിയോ പരിഹാസ്യമോ;
സഹതപിക്കും പരാഗങ്ങള്‍
പുതുജീവന്‍റെ സൃഷ്ടിയായി.

തലക്കു മുകളില്‍ കഴുകന്‍മാര്‍
അന്ത്യശ്വാസത്തിനായ് ജപിക്കുന്നു.
ദേഹമുപേക്ഷിക്കാന്‍ ആത്മാവിനായില്ല;
ജീവിക്കാന്‍ ശരീരത്തിനും

കാലത്തിനാവശ്യം ശൂന്യതയായിരുന്നു.
പ്രത്യയ് ശാസ്ത്രങ്ങള്‍ക്ക് പകരം വെക്കാന്‍
ഭ്രാന്തനെന്ന് മുദ്രകുത്താന്‍, പിന്നെ
കല്ലെറിയാന്‍, ചോരവീണ് മണ്ണ് ചുവക്കും വരെ

തലമുറകള്‍ തന്നത് വൈര്യമായിരുന്നു,,
ജാതിയും മതവും ദേശവും പിന്നെ വിശ്വാസങ്ങളും
അതിര്‍വരമ്പുകളില്ലാത്ത പ്രണയവും;
കുത്തൊഴുക്കില്‍ പെട്ടകന്നുപോയി.

ഒരു പിടിചോറും ഒരായിരം വാക്യങ്ങളും
ഒരിറ്റുകണ്ണീരും ഒരു ജന്‍മസാഫല്യവും.
ഒരു നേര്‍ത്ത നിഴലായ് അസ്തമയ സൂര്യനു പിറകില്‍
ജപത്തില്‍ മുഴുകിയ കഴുകനറിയാതെ.....

Sunday, December 31, 2006

പുതുവത്സരാശംസകള്‍

Happy Newyear
വേദനിപ്പിക്കുന്ന, നൊമ്പരപ്പെടുത്തുന്ന, പല ഓര്‍മ്മകള്‍ക്കും താത്ക്കാലികമായെങ്കിലും വിട നല്കിക്കൊണ്ട് പുതിയ പുലരിയെ വരവേല്‍ക്കാനായെങ്കില്‍............

എന്‍റെ ബ്ലോഗ്ഗിലെത്തുന്ന എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ പുതുവത്സരാശംസകള്‍..........

Monday, December 25, 2006

സഹയാത്രികന്‍

രാവിലെ ഉറക്കമുണര്‍ന്ന ഞാന്‍ പതിവുപോലെ സഹയാത്രികനെ തിരയാന്‍ മിനക്കെട്ടില്ല. കിടക്കുമ്പോള്‍ കൂടെ ഉണ്ടായിരുന്നെങ്കിലും പ്രതി സ്ഥിരം ഉറക്കറയായ, കട്ടിലിനടിയില്‍ തന്നെ ഊണ്ടാവുന്നെനിക്ക് ഏതാണ്ടൊരുറപ്പുണ്ടായിരുന്നു. ബുദ്ധിമുട്ടാതെ തന്നെ അവനെ കണ്ടെത്താന്‍ കഴിഞ്ഞതില്‍ തെല്ലൊരു കൃതാര്‍ത്തഥയോടെ ചുണ്ടിലൊരു പുഞ്ചിരിയുമായി രാത്രി ഉറക്കത്തിന് ഭംഗം വരുത്താന്‍ ആരെല്ലാം ശ്രമിച്ചിട്ടുണ്ടെന്നറിയാനുള്ള ജിത്ഞ്യാസയോടെ, പതിവു കര്‍ത്തവ്യമായ നഷ്ടപ്പെട്ട വിളികളുടെ പട്ടിക തിരയാന്‍ ആരംഭിച്ചു. പതിവിനു വിപരീതമായി ഒരാള്‍ പലതവണ എന്നെ വിളിക്കാന്‍ ശ്രമിച്ചിരിക്കുന്നു.

തെല്ലൊരമ്പരപ്പോടെ, ഉടനെ ആ നമ്പറില്‍ ഞാന്‍ തിരിച്ചു വിളിച്ചു. 'ഹലോ' 'സുപ്രഭാതം' 'ഹാപ്പി ക്രിസ്തുമസ്സ്' തുടങ്ങിയ വാക്കുകള്‍ നൂറുമീറ്റര്‍ ഓടാന്‍ തയ്യാറെടുത്ത് നില്‍ക്കുന്ന, കിഡ്ഡീസ് കിടാങ്ങളെ പോലെ, അക്ഷമരായി നാവിന്‍റെ തുമ്പില്‍ ഞെളിപിരി കൊണ്ടു. ട്രിഗ്ഗറില്‍ വിരലമര്‍ത്താന്‍ കാത്തു നിന്ന എന്‍റെ ചെവിയില്‍ വന്നു പതിച്ച വാക്കുകള്‍ എന്നെ അക്ഷരാര്‍ത്ഥത്തില്‍ നടുക്കുന്നതായിരുന്നു.


"താങ്കളുടെ എകൌണ്ടില്‍ ലഭ്യമായ തുക വളരെ കുറവാണ്, ദയവായി..." ബാക്കി കേള്‍ക്കാന്‍ എനിക്കായില്ല, മൊബൈല്‍ കണ്ടുപിടിച്ചവന് നല്ലത് വരട്ടെ എന്നു പ്രാര്‍ത്ഥിക്കാന്‍ പോലും നില്‍ക്കാതെ ബ്രഷും പേസ്റ്റുമെടുത്ത് ഞാന്‍ ബാത്ത് റൂമിലേക്ക് നടന്നു.

Thursday, December 21, 2006

എനിക്ക് പറയാനുള്ളത്

"ഞാന്‍ എന്തിനു ബ്ലോഗുന്നു?" എന്ന ഇഞ്ചിപെണ്ണിന്‍റെ പോസ്റ്റ് കണ്ടപ്പോള്‍ എനിക്ക് പറയാനുള്ളതും പറയണം എന്നു തോന്നുന്നു. ഞാന്‍ ഈവര്‍ഷം ജൂലായിലാണ് മലയളത്തില്‍ ബ്ലോഗ്ഗാന്‍ തുടങ്ങിയത്. ഒന്നര വര്‍ഷമായി പ്രവാസിയായി ജീവിതം ഉന്തിയും തള്ളിയുമൊക്കെ നീക്കിക്കൊണ്ടിരുന്ന സമയത്താണ് എന്‍റെ ഒരു ഓര്‍കുട്ട് സുഹൃത്ത് മലയാളത്തില്‍ എഴുതന്നിതിനെപറ്റിയും എഴുതുന്നവരുടെ കൂട്ടായ്മയെ പറ്റിയുമൊക്കെ പറഞ്ഞുതന്നത്. അന്നുതന്നെ മലയാളത്തില്‍ വല്ലതുമൊക്കെ എഴുതി തുടങ്ങുകയും ചെയ്തു.. നാട്ടില്‍ ലീവിലായിരുന്നപ്പോളും പറ്റാവുന്ന സമയത്തൊക്കെ ബ്ലോഗ്ഗുകള്‍ വായിക്കുകയും എന്തെങ്കിലുമൊക്കെ എഴുതിയിടാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. ഇവിടെയെത്തി ഏകദേശം 3-4 മാസം കഴിഞ്ഞാണ് റിയാദില്‍ ഒരു കമ്പനിയില്‍ ജോലി തരപ്പെടുന്നത്. അതുവരെ റിയാദില്‍ നിന്ന് ആയിരത്തില്‍ പരം കിലോമീറ്ററുകള്‍ക്കപുറത്ത് നജ്റാന്‍ എന്ന ഒരു ചെറിയ സ്ഥലത്തായിരുന്നു, ഗ്രാമം എന്നു വേണമെങ്കില്‍ പറയാം; റിയാദുമായി താരതമ്യം ചെയ്യുമ്പോള്‍. അവിടെ ബന്ധുക്കളോടൊത്തായിരുന്നു, കുട്ടികളോടൊത്ത് ഒഴിവ് സമയം ചിലവിട്ടിരുന്നപ്പോള്‍ നാട്ടില്‍ നിന്നും വിട്ടുനില്‍ക്കുന്ന വിഷമം അറിഞ്ഞിരുന്നില്ല. പഠിക്കുന്ന കാലത്ത് പോലും ഒരാഴ്ചയില്‍ കൂടുതല്‍ വീടു വിട്ടു നിന്നിട്ടില്ലായിരുന്നു. പോളിടെക്നിക്കില്‍ ആദ്യ വര്‍ഷം ഞാന്‍ പാലക്കാട് ആയിരുന്നു പഠിച്ചത്. അപേക്ഷകള്‍ പൂരിപ്പിക്കാന്‍ എനിക്കറിയാന്‍പാടില്ലായിരുന്നതിനാലും പൂരിപ്പിച്ചു തന്ന അമ്മാവന്‍റെ ആദ്യ ചോയ്സ് 'നോഡല്‍' (എന്താണാവോ ആവാക്കിന്‍റെ അര്‍ത്ഥം അന്നും ഇന്നും വലിയ പിടി ഇല്ല, പിന്നെ ഏകദേശം ഒരര്‍ത്ഥമങ്ങ് മനസ്സില്‍ കരുതീട്ടുണ്ട് അറിയാത്തവരൊക്കെ അങ്ങനെ ഒരു അര്‍ത്ഥമങ്ങ് മനസ്സിക്കണ്ടോളൂ, നിക്ക് പരാതി ഇല്ലാ.) പോളി നല്കണമെന്ന ആഹ്വാനത്തെ എതിര്‍ക്കാനുള്ള ധൈര്യക്കുറവും, പിന്നെ പറഞ്ഞിട്ടും പ്രയോജനമൊന്നുമില്ല എന്ന തിരിച്ചറിവും എന്നെ തൊട്ടടുത്തുള്ള (വെറും ഇരുപത് കിലോമീറ്റര്‍) പോളിയില്‍ സീറ്റ് കിട്ടാനുള്ളതിലും അധികവും മാര്‍ക്കുണ്ടായിരുന്നിട്ടും, അറുപത് കിലോമീറ്ററോളം അകലെയുള്ള പോളിയിലെത്തിച്ചു. (അമ്മാവനെ കുറ്റം പറഞ്ഞതല്ല കെട്ടോ, എന്തു സഹായം ചെയ്യാനും കൂടെ ഉള്ള ഒരമ്മാവനാണെ..) അഡ്മിഷനോടൊപ്പം, കോളേജ് (പോളിടെക്നിക്കുകളൊക്കെ പോളിടെക്നിക്ക് കോളേജ് ആക്കിയത് എല്ലാരും അറിഞ്ഞിരിക്കുമല്ലോ അല്ലെ? എന്നിട്ടെന്ത് ഉപകാരമുണ്ടായി എന്ന് ഞാനടക്കമുള്ള കുറേ പേര്‍ക്കെങ്കിലും മനസ്സിലായിട്ടുണ്ടാവില്ല, ഇഷ്ടപ്പെട്ട വസ്ത്രം ധരിക്കനുള്ള സ്വാതന്ത്ര്യം പോലും വീണുകിട്ടിയില്ല.)ഹോസ്റ്റലില്‍ ഒരു സീറ്റും തരപ്പെടുത്തി തന്നു. എല്ലാ ആഴ്ചയും വെള്ളിയാഴ്ച ഉള്ളത് കൊണ്ട് കൃത്യമായി ഞാന്‍ വീട്ടിലെത്തി. ഒന്നരമാസം തികച്ചു ഞാന്‍ അവിടെ നിന്നില്ല എന്നാണ് പറഞ്ഞു വന്നത്. റാഗിംഗ് പേടിച്ചാണ് ഹോസ്റ്റല്‍ വിട്ടതെന്ന് നാട്ടുകാരും വീട്ടുകാരും പറയുന്നുണ്ടെങ്കിലും,(അത് നിങ്ങളാരും കാര്യമായെടുക്കണ്ടാന്ന്, അസൂയക്കാര് അങ്ങനെപലതും പറയും, അല്ലെ?) എനിക്കെന്‍റെ ഉമ്മയെ പിരിഞ്ഞിരിക്കാന്‍ വയ്യെന്നതായിരുന്നു സത്യം. എന്നും നടക്കുന്ന കാര്യങ്ങളില്‍ സിനിമക്ക് പോയതും പിന്നെ സെന്‍സര്‍ ചെയ്യേണ്ട അല്ലറ ചില്ലറ വിക്രിയകളൊഴിച്ചാല്‍ (പുകച്ചുരുളുകളുടെ ലോകത്ത് ആയിടക്കായിരുന്നു ചെന്നു പെട്ടത്, ഇപ്പൊ അതൊന്നും ഇല്ലാട്ടോ, ആരേലും തെറ്റിദ്ധരിച്ചാലോ?) ഒരു വിധം എല്ലാം ഞാന്‍ എന്‍റെ ഉമ്മയോടോ അല്ലെങ്കില്‍ ചേച്ചിമാരോടൊ പങ്കുവെയ്ക്കുമായിരുന്നു. (അല്ലാതെ എനിക്ക് ഉറക്കം വരണ്ടെ ഞാന്‍ എന്തു ചെയ്യാനാ??) പഠിത്തം കഴിഞ്ഞ് ജോലിയൊന്നും തരപ്പെടാതിരുന്നതും, ജോലി അന്യേഷിക്കാന്‍ തീരെ മടിയില്ലാതിരുന്നതിനാലും, നാട്ടില്‍ നിന്നിട്ട് പ്രത്യേകിച്ച് ഒരു കാര്യവും നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും മനസ്സിലായതിനാലും, പിന്നെ വീട്ടുകാരെങ്കിലും രക്ഷപ്പെട്ടോട്ടെ, എന്ന എന്‍റെ മനസ്തിഥിയും, വിസയെടുത്ത് എന്നെ ഇവിടെയെത്തിക്കാന്‍ എന്‍റെ ബഡാ അമ്മാവന്‍ കാണിച്ച സന്‍മനസ്സും കാരണം, നാട്ടില്‍ വീടുവിട്ടു നില്‍ക്കേണ്ട അവസ്ഥ ഉണ്ടായില്ല. അങ്ങനെയുള്ള ഞാന്‍ റിയാദെന്ന നഗരത്തില്‍ എത്തിയപ്പോള്‍ യാന്ത്രികമായി പണിയെടുക്കാന്‍ മാത്രം ശീലിച്ച കുറേ പേരുടെ ഇടയിലാണ് ചെന്നു പെട്ടത്, എന്‍റെ വിചാരങ്ങളും വികാരങ്ങളുമായി ഒരു തരത്തിലും പൊരുത്തപെട്ടു പോകാത്ത ഒരു പറ്റം ആളുകള്‍. സാഹചര്യത്തിനനുസരിച്ച് കാലം അവരെ മാറ്റിയതായിരിക്കാം; പക്ഷേ, എന്‍റെ മനസ്സ് അതൊന്നും ഉള്‍ക്കൊള്ളാന്‍ തയ്യാറല്ലായിരുന്നു. മലയാളം സംസാരിക്കാന്‍ പോയിട്ട് ഉള്ളുതുറന്നൊന്ന് സംസാരിക്കാന്‍ ഒരു ശ്രോതാവില്ലാതെ ബുദ്ധിമുട്ടിയിരിക്കുമ്പോഴാണ് യാഹുദൂദന്‍ തുണക്കെത്തിയത്, കമ്പനിയില്‍ കുറെ ബു.ജി കള്‍ ഉണ്ടായിരുന്നത് കൊണ്ട് യാഹുദൂദന്‍റെ 'പപ്ലിക് ചാറ്റ്' പ്രവര്‍ത്തിക്കില്ലായിരുന്നു. പിന്നെ പ്രൊഫൈലുകള്‍ തിരഞ്ഞ് സുഹൃത്തുകളെ കണ്ടെത്താനുള്ള ശ്രമമായി, വര്‍ഷം ഒന്നങ്ങനെ കടന്നു പോയെങ്കിലും പേരെടുത്ത് പറയാന്‍ തക്ക ഒരു സുഹൃത്തിനെ സമ്മാനിക്കാന്‍ പോലും യാഹുവിനായില്ല. അങ്ങനെ ഇരിക്കുമ്പോള്‍ പണ്ടെന്നൊ പയറ്റി തെളിയാതെ പോയ ഓര്‍ക്കുട് വീരനിലൂടെ എന്‍റെ ഒരു സഹപാഠി എന്നെ കണ്ടെത്തിയത്.. പിന്നെ ഓര്‍ക്കുട്ടായി സഹയാത്രികന്‍, അതിനിടെ ഓര്‍ക്കുട്ടിനെ സൌദിയില്‍ വിലക്കി. പോം വഴികള്‍ പലതുള്ളത് കൊണ്ട് വിലക്കൊരു തടസ്സമായില്ല. പിന്നീടാണ് ബ്ലോഗ്ഗുകളുടെ ലോകത്തെത്തിയത്, ഇവിടെ പറയത്തക്ക പരിചയങ്ങള്‍ എനിക്കില്ലെങ്കിലും ഞാനും നിങ്ങളിലൊരുവാനായി, ഞാന്‍ പറയുന്നത് കേള്‍ക്കാനും ആരൊക്കെയോ ഉണ്ടെന്നൊരു തോന്നല്‍ എന്‍റെ ഒരു പോസ്റ്റിലും കമ്മന്‍റ് പത്തിനു മുകളിലെത്തിയിട്ടില്ല, എങ്കിലും അതിലെ ഓരോ പോസ്റ്റും പത്തില്‍ കുറയാതെ ആളുകള്‍ വായിക്കുന്നുണ്ട് എന്ന ഉറച്ച വിശ്വാസം എനിക്കുണ്ട്. പിന്‍മൊഴികളിലൂടെയും അല്ലാതെയും കുറച്ചുപേരുടെയെങ്കിലും ബ്ലോഗ്ഗില്‍ ഞാനുമെത്തുന്നു. പിന്നെ അധികവും റൂമിലെത്തി വലയുടെ പരിധിക്ക് പുറത്തിരുന്നാണ് പലപ്പോഴും വായിക്കാറ് അതു കൊണ്ട് അധികമൊന്നും ഞാന്‍ കമ്മന്‍റാറില്ല. പിന്നെ സമയക്കൂടുതലും അധികസമയവും അലസമായി ഇരിക്കാന്‍ ഇഷ്ടപ്പെടുന്നതു കൊണ്ടും ഞാന്‍ വായിച്ചെത്തുമ്പോഴേക്കും ഒരുപാട് വൈകിയിട്ടുണ്ടാവും. ഇപ്പോ വീണ്ടും റിയാദിനു പുറത്ത് അറിയാവുന്നവരായി ആരുമില്ലാത്ത മറ്റൊരു ഗ്രാമ പ്രദേശത്ത്. പക്ഷേ, പണ്ടത്തെ അത്രയും ഒറ്റപ്പെടലില്ല. രാവിലെ വിളിച്ചുണര്‍ത്തി സുപ്രഭാതം പറയാനും പരിഭവപ്പെടാനും ഒക്കെ ഇപ്പൊ ഒരാളുണ്ട്. മണിക്കൂറുകള്‍ക്കപ്പുറത്തുനിന്ന്, പറ്റാവുന്ന ദിവസങ്ങളിലെല്ലാം രാവിലെ എന്നെത്തേടി ആ പ്രഭാത വന്ദനമെത്തും (ഞാന്‍ കല്യാണമൊന്നും കഴിച്ചിട്ടില്ലാട്ടോ.. അതിനുള്ള പ്രായൊന്നും ആയിട്ടില്ലാന്ന്). ഒറ്റയ്ക്കല്ലാന്ന് തോന്നല്‍, അതു വലിയൊരാശ്വാസ്മായ്.. പിരിയാന്‍ വയ്യാത്ത സുഹൃത്ത് ബന്ധങ്ങള്‍ ഇവിടെ നിന്നും കിട്ടും തീര്‍ച്ച. പിന്നെ ഇഞ്ചിപ്പെണ്ണ് പറഞ്ഞപോലെ ഒരേ ഫ്രീക്വന്‍സിയിലുള്ളവരുമായി സംസാരിക്കുമ്പോള്‍ കിട്ടുന്ന ആ ഊര്‍ജ്ജം അതിനു നല്കാന്‍ കഴിയുന്ന ഉണര്‍വ്വ് മാത്രം മതി ബൂലോകത്തെ വ്യത്യസ്തമാക്കാന്‍. എന്‍റെ ബ്ലോഗ്ഗിലുള്ള പോസ്റ്റുകളെല്ലാം എന്‍റെ ജല്പനങ്ങള്‍ മാത്രമാണ്, എന്‍റെ നഷ്ടപ്പെടലുകള്‍.. വല്ലാതെ വേദനിക്കുമ്പോള്‍ അതു പങ്കുവയ്ക്കാന്‍ ഒരിടം. തിരിച്ച് കാര്യമായൊന്നും പ്രതീക്ഷിക്കാതെ തന്നെ, എഴുതി പോസ്റ്റ് ചെയ്ത്, അതു കാണുമ്പോളും അതിനുള്ള അഭിപ്രായങ്ങളും അല്ലെങ്കില്‍ മൌനമായി അതുവായിച്ച് ദീര്‍ഘനിശ്വാസം വിടുന്ന വായനക്കാരനെ തിരിച്ചറിയുമ്പോള്‍, മനസ്സിന് കിട്ടുന്ന ഒരു തൃപ്തി... അതു പോരെ നമ്മെ മുന്നോട്ട് നയിക്കാന്‍, കഴിയുന്നിടത്തോളം കാലം ബ്ലോഗ്ഗറായോ അതിനു കഴിഞ്ഞില്ലെങ്കില്‍ ഒരു ശ്രോതാവായോ നിലനില്ക്കുക, അതിനാവുമായിരിക്കും.

Friday, December 15, 2006

ഇനി എന്ത്?

പ്രിന്‍സിയുടെ ജീവിതത്തിലെ സങ്കീര്‍ണ്ണവും നിര്‍ണ്ണായകവുമായ നിമിഷങ്ങളാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്, ഒരു പക്ഷേ കളിവിടിന്‍റെ ചരമഗീതം എഴുതാനുള്ള സമയം അതിക്രമിച്ചിരിക്കുന്നു....... പ്രിന്‍സിയുടേയും.......

പുനര്‍ ജനി

ഇന്നലെയായിരുന്നു പെസഹാവ്യാഴം
ക്രൂശ്ശിക്കപ്പെടേണ്ടവന്‍ കുരിശിലേറ്റപ്പെട്ടു.
പക്ഷേ, മരണം പോലും അവനന്യമായിരുന്നു.
ഉയര്‍ത്തെഴുന്നേല്‍ക്കാന്‍ മൂന്നു നാള്‍
അവന് വേണ്ടി വന്നില്ല; നിമിഷങ്ങളില്
‍അന്ധനായിരുന്നു അവന്
‍ബധിരനും മൂകനും പിന്നെ, ഷണ്ടനും
ഉള്‍ക്കാഴ്ചയു മുണ്ടായിരുന്നില്ല

സ്നേഹിക്കാന്‍ അവന്‍ പഠിച്ചില്ല
പക്ഷേ വെറുക്കാന്‍ അവനാവില്ലായിരുന്നു
ആര്‍ക്ക് വേണ്ടിയും അവനൊന്നും ചെയ്തില്ല..
ഇന്നലെകളിലായിരുന്നു അവന്‍റെ ജീവിതം
നാളെയുടെ വാനമ്പാടികള്‍ അവനെ നോക്കി
മന്ദഹസിച്ചു; ഉള്ളില്‍ പരിഹസിച്ച്
കണ്ണുകളില്‍ അനുരാഗമൊളിപ്പിച്ച്
വാക്കുകളില്‍ പ്രണയമാധുര്യവും


മരണത്തിന് അവന്‍ വശ്യമല്ലായിരുന്നു.
ജീവിതമവനും. ഇന്നലകള്‍ക്കന്ത്യമുണ്ടായി.
ക്ഷിപ്രകോപിയും ക്ഷിപ്രപ്രസാദവും
മൂഢമാം മൌനവും അവനായിരിന്നു.

ബാക്കിയായ ജീവിതവും ചതഞ്ഞമനസ്സും
മുതല്‍ക്കൂട്ടായി അവനിലവശേഷിച്ചു,
പരിഭവങ്ങളില്ലാതെ പരാതിയില്ലാതെ
ദിവാസ്വപ്നങ്ങളില്ലാതെ, അഭിലാഷങ്ങളില്ലാതെ
കര്‍ത്തവ്യനിരതനായ്‍; പ്രേതമാവാഹിച്ച്
ചണ്ടാലനായ് ബാക്കി വന്ന ജീവിതം
പുതുമഴക്കായ് കാതോര്‍ക്കാതെ
ഇരുളുവീഴാന്‍ കാത്തുനിന്നു.

പിന്‍ഗാമി

രമണാ നീയാണു ശരി തെറ്റുകളുടെ ഈ ലോകത്ത്
ശരിയായി നീ മാത്രം നിനക്കെന്തേ തെറ്റു പറ്റിയില്ല?
പ്രാണനു വേണ്ടി നിനക്ക് കേഴാമായിരുന്നില്ലേ?

ചന്ദ്രിക നീ എന്നും സ്വാര്‍ത്ഥയായിരുന്നു
നിന്നെ പറ്റി മാത്രം ചിന്തിച്ചു
നിന്‍റെ പ്രത്യയശാസ്ത്രങ്ങള്‍ നിനക്ക് തുണയേകി

എന്‍റെ പൂര്‍വികനാണു രമണാ നീ; അല്ല ഞങ്ങളുടെ..
അസൂയ തോന്നുന്നു എനിക്ക് നിന്നോട്
ദാനം കിട്ടുമായിരുന്ന ജീവിതത്തിന്
നീ കാത്തുനിന്നില്ല, ആര്‍ക്കും വേണ്ടി

പക്ഷേ, രമണാ ഒന്നോര്‍ക്കുക
ഒറ്റയാനായിരുന്നു, നീ
നിന്‍റെ പിന്‍ഗാമികളില്‍ പലരും
സമൂഹ ജീവികളായിപ്പോയി..

നിന്നെ തോളിലേറ്റി വിലപിക്കാന്‍
മദനനുണ്ടായി എന്തേ നിന്‍ മനസ്സവന്‍
പോലുമറിഞ്ഞില്ല? അനിവര്യമാം വിധി!!
രമണാ നീയാണു ശരി, തെറ്റുകളുടെ ലോകത്ത്

വിലപേശി ഞാന്‍; രമണാ, നീ ലജ്ജിക്കുമാറ്
അര്‍ഹിക്കാത്ത സ്നേഹം ഇരന്നു വാങ്ങിയ
പാപിയാം വിഢ്ഢി, ഞാന്‍.
നീ എന്നെ പുഛ്ചിക്കുമായിരിക്കും.

നിന്‍റെ വഴിയെ നടക്കാന്‍ ഭയമില്ല
പക്ഷേ; ചന്ദ്രികക്ക് നിന്നെ ഉപേക്ഷിക്കാനായി
അവിടേയും ഞാന്‍ തോറ്റു
ചെകുത്താനോ ദൈവമോ? അറിയില്ല.

എല്ലാം അടക്കി ഒടുക്കം തകരാന്‍
പാപഭാരവും പേറി കുഴലൂതാന്‍
തനിച്ചാവും വരെ നീ കാത്തു നിന്നില്ലേ?
മുള്‍ക്കിരീടമൂരാന്‍, ഒരു വഴികാണാന്‍..